വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. ചെക്ക് ഡാം കാണാൻ എത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കൂടല്‍കടവ് ചെമ്മാട് ഉന്നതിയിലെ മാതനെയാണ് (49) കാറിൽ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്‍റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ യുവാവിനെ പ്രതികള്‍ വലിച്ചിഴച്ചു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഇന്നലെ (ഡിസംബര്‍ 15) വൈകുന്നേരത്തോടെയാണ് സംഭവം. മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. വാക്കുതര്‍ക്കത്തിനിടെ റോഡില്‍ വച്ച് ഉറക്കെ യുവാക്കള്‍ അസഭ്യം പറഞ്ഞത് നാട്ടുകാര്‍ ചോദ്യം ചെയ്‌തു. ഇതേ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാക്കളെ തടയാൻ ശ്രമിച്ച മാതനെ സംഘം മര്‍ദിച്ചതായാണ് പരാതി. കാര്‍ മുന്നോട്ടെടുത്ത് പോകുന്നതിനിടെ മാതന്‍റെ കൈ ഡോറില്‍ കുടുങ്ങി. ഇത് വക വെക്കാതെ കാറുമായി മുന്നോട്ടുപോയ സംഘം മാനന്തവാടി-പുല്‍പ്പള്ളി റോഡിലൂടെ ഏറെ ദൂരം മാതനെ കാറില്‍ വലിച്ചിഴച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആക്രമണത്തില്‍ മാതന്‍റെ അരയ്‌ക്കും കൈ കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. KL 52 H 8733 എന്ന മാരുതി സെലേറിയോ കാറിലാണ് പ്രതികള്‍ മാതനെ വലിച്ചിഴച്ചത്. ഈ കാര്‍ കണ്ടെത്താൻ പൊലീസിനായിട്ടില്ല. കാറില്‍ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്ന ആളുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതാണ് കാര്‍.
നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിര്‍ദേശം: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ മന്ത്രി ഒആര്‍ കേളു പൊലീസിന് നിര്‍ദേശം നല്‍കി. യുവാവിനെതിരായ ആക്രമണത്തെ ഗൗരവകരമായാണ് കാണുന്നത്. പ്രതികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കും. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാതന് ആവശ്യമായ വിദഗ്‌ധ ചികിത്സ നല്‍കാൻ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read : ചോദ്യ പേപ്പര്‍ ചോര്‍ച്ച ആരോപണം: എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ പ്രവര്‍ത്തനം നിര്‍ത്തി