വയനാട്: മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം സംസ്‌കരിക്കാൻ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത് വിവാദമാകുന്നു. ആംബുലൻസ് വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് എടവക വീട്ടിച്ചാല്‍ നാല് സെന്‍റ് കോളനിയിലെ ചുണ്ടയുടെ (80) മൃതദേഹമാണ് സംസ്‌കരിക്കാനായി വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരമുള്ള ശ്‌മശാനത്തിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോകേണ്ടി വന്നത്.
ഞയറാഴ്‌ച രാത്രിയായിരുന്നു വയോധികയുടെ മരണം. ഇന്നലെ (ഡിസംബര്‍ 16) ഉച്ചയ്‌ക്ക് രണ്ടിന് മൃതദേഹം സംസ്‌കരിക്കാനായിരുന്നു ബന്ധുക്കള്‍ തീരുമാനിച്ചത്. ആംബുലൻസിന്‍റെ സേവനത്തിനായി പട്ടികവര്‍ഗ പ്രമോട്ടറെ കുടുംബം വിവരം അറിയിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍, മണിക്കൂറുകളോളം കാത്തിരുന്നിട്ടും ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്നാണ് വൈകീട്ടോടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോകാൻ കുടുംബം തീരുമാനിച്ചത്. ഓട്ടോയുടെ പിന്നിലിരുന്നവരുടെ മടിയില്‍ പായയില്‍ പൊതിഞ്ഞാണ് മൃതദേഹം കൊണ്ടുപോയത്. ഇത് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.
വിവരം അറിഞ്ഞ് എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ബ്രാൻ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ മാനന്തവാടി ട്രൈബല്‍ ഓഫിസിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം, സംഭവത്തില്‍ ട്രൈബല്‍ പ്രൊമോട്ടറെ സസ്‌പെൻഡ് ചെയ്‌തു. മരണവിവരം കൃത്യസമയത്ത് അറിയിക്കുന്നതിൽ പ്രൊമോട്ടര്‍ കാലതാമസം വരുത്തിയെന്ന് ട്രൈബൽ ഡെവലപ്പ്മെന്‍റ് ഓഫിസർ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്‌ച ഉണ്ടായോ എന്ന കാര്യം പരിശോധിക്കാൻ പ്രൊജക്‌ട് ഓഫിസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read : കൊടും ക്രൂരത: ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ചു; വിനോദ സഞ്ചാരികള്‍ക്കെതിരെ വധശ്രമത്തിന് കേസ്