തിരുവനന്തപുരം : വാഹനപുക പരിശോധന കേന്ദ്രങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ഗതാഗത കമ്മിഷണറുടെ സർക്കുലർ. നിലവിലെ വാഹന പുക പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനം വരിഞ്ഞുമുറുക്കിക്കൊണ്ടാണ് ഗതാഗത കമ്മിഷണറുടെ പുതിയ സർക്കുലർ വന്നത്. ഉപജീവന മാർഗത്തിനു വേണ്ടി തുറന്ന് ദൈനംദിന ചെലവുകൾക്ക് പോലും പണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അമിതഭാരം അടിച്ചേൽപ്പിച്ച് പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്. സർക്കുലറിനെതിരെ പ്രതിഷേധവുമായി സെന്‍റർ ഉടമകൾ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 13നാണ് വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് പുതുക്കിയ നിർദേശങ്ങളുടെ സർക്കുലർ ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത് പുറപ്പെടുവിച്ചത്. പുക പരിശോധന ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ശരിയായ വെൻ്റിലേഷനോടുകൂടിയ 3 മീറ്റർ നീളവും വീതിയുമുള്ള മുറി, മുറിയോട് ചേർന്ന് വാഹന പാർക്കിങ്ങിന് അനുയോജ്യമായ 10 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള സ്ഥലം എന്നിവ ഉണ്ടായിരിക്കണമെന്ന് സർക്കുലറിൽ പറയുന്നു.
പുക പരിശോധന കേന്ദ്രങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളുടെ മുന്നിലുള്ള പാർക്കിങ് സ്ഥലം ഇതിനായി അനുവദിച്ച് നൽകാൻ പാടില്ല. പാർക്കിങ് സ്ഥലം പുക പരിശോധന കേന്ദ്രം നടത്തിപ്പുകാരൻ്റെ ഉടമസ്ഥതയിലുള്ളതോ വാടക കരാർ പ്രകാരം സ്വന്തമാക്കിയതോ ആയിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ഈ ഉത്തരവ് പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഓതറൈസ്‌ഡ് ടെസ്‌റ്റിങ് സ്‌റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾ കേരളയുടെ (AATSMV) നേതൃത്വത്തിൽ വഴുതക്കാട് ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിൽ മാർച്ച് നടത്തി.
ഇന്ന് സംസ്ഥാന വ്യാപകമായി പുക പരിശോധന കേന്ദ്രങ്ങൾ അടച്ചിട്ട് പ്രതിഷേധിക്കുകയും ചെയ്‌തു. ഗതാഗത കമ്മിഷണർ വാഹനപുക പരിശോധന സെന്‍റർ ഉടമകളെ ദ്രോഹിക്കാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണെന്ന് സംഘടനയുടെ പ്രസിഡൻ്റ് വി എസ് അജിത് കുമാർ പറഞ്ഞു. ഗതാഗത കമ്മിഷണറുടെ ഈ വഴിവിട്ട പോക്ക് വളരെ അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കാൻ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെന്‍റർ ഉടമകളും ടെക്‌നീഷ്യന്മാരും വർഷങ്ങളായി നടത്തി വരുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ശ്രമിച്ചാൽ ആത്മഹത്യ മാത്രമേ വഴിയുള്ളൂ. ഇത് സംബന്ധിച്ച് മന്ത്രി കെ ബി ഗണേഷ് കുമാറിന് മെമ്മോറാണ്ടം നൽകും. 3000ത്തോളം സെൻ്ററുകളാണ് പുക പരിശോധന കേന്ദ്രമായി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഉത്തരവ് പ്രകാരം ക്രമക്കേടിനുള്ള ശിക്ഷ നടപടികൾ ഇങ്ങനെ:
- ലൈസൻസിൽ പേര് ചേർത്ത ടെക്‌നീഷ്യൻ അല്ലാതെ മറ്റാരെങ്കിലും പുക പരിശോധന നടത്തുക- മൂന്ന് മാസത്തേക്ക് പുക പരിശോധന കേന്ദ്രത്തിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
- നിയമപ്രകാരമുള്ള പാർക്കിങ് ഇല്ലാതെ പ്രവർത്തിക്കുക - നിയമപ്രകാരമുള്ള പാർക്കിങ് സ്ഥലം ലഭിക്കുന്നതുവരെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
- ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുക - ആറ് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും.
- Bogus സോഫ്റ്റ്‌വെയർ ഉപയോഗിച്ചും മെഷീനിൽ ക്രമക്കേട് വരുത്തിയും പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുക - ലൈസൻസ് ക്യാൻസൽ ചെയ്യുകയും എഫ്ഐആർ രജിസ്‌റ്റർ ചെയ്യുന്നതിനായി എസ്എച്ച്ഒയ്ക്ക് പരാതി നൽകുകയും ചെയ്യും.
- ഒരു സ്ഥാപനത്തിന് അനുവദിച്ച യൂസർ ഐഡിയും പാസ്‌വേർഡും ദുരുപയോഗം ചെയ്യുക- 6 മാസത്തേക്ക് 2 പുക പരിശോധന കേന്ദ്രങ്ങളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും.
- അനുവദിച്ച കെട്ടിടത്തിൽ നിന്ന് മാറി മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിക്കുക - ലൈസൻസ് ക്യാൻസൽ ചെയ്യും.
- മറ്റൊരു സ്ഥാപനത്തിനായി അനുവദിച്ചിട്ടുള്ള ഐ ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ഒരു സ്ഥാപനത്തിൽ പിയു സി സർട്ടിഫിക്കറ്റ് നൽകുക - 6 മാസത്തേക്ക് 2 കേന്ദ്രങ്ങളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും.
- മെഷീൻ കാലിബ്രേഷൻ നടത്താതെ OEM കാലിബ്രേഷൻ സർട്ടിഫിക്കറ്റ് നൽകുക - ഇത്തരം OEM കളെ ഒരു വർഷക്കാലത്തേക്ക് സംസ്ഥാനത്ത് വ്യാപാരം നടത്തുന്നതിൽ നിന്നും നിരോധിക്കും.