തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്‌ണന്‍. എഡിജിപി തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും. അതുവരെ വെയിറ്റ് ചെയ്യൂ എന്ന് എല്‍ഡിഎഫ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ പറഞ്ഞു.
എഡിജിപി അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെങ്കില്‍ എന്തിനെന്നത് ഗൗരവമുള്ളതാണ്. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിലും എഡിജിപിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കും.
ആര്‍എസ്എസുമായി ബന്ധമുണ്ടാക്കാനോ നിലപാടെടുക്കാനോ സിപിഎമ്മോ ഇടതു മുന്നണിയോ തയ്യാറാകുമെന്ന് കരുതാനാകില്ല. അത്രയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോഴത്തെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉചിതമായ നിലപാടെടുത്താണ് മുന്നോട്ടു പോകുന്നതെന്ന ബോധ്യം ഇടതു മുന്നണിക്കുണ്ട്.
പിവി അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. അന്‍വറിന് കൂടുതല്‍ പരാതികളുണ്ടെങ്കില്‍ എഴുതി നല്‍കിയാല്‍ അതും അന്വേഷിക്കും. അന്‍വര്‍ ഇതുവരെ നല്‍കിയ പരാതികളിലൊരിടത്തും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പരാമര്‍ശമില്ല. അഥവാ ഉണ്ടെങ്കില്‍ ഇനി പരാതി നല്‍കിയാലും അന്വേഷിക്കാം.
പിവി അന്‍വര്‍ എല്‍ഡിഎഫിലെ ഒരംഗം മാത്രമാണ്. അന്‍വര്‍ കൂടി ഉള്‍പ്പെടുന്ന എല്‍ഡിഎഫിന്‍റെ കണ്‍വീനറാണ് താന്‍. പിവി അന്‍വറാണ് എല്‍ഡിഎഫിന്‍റെ നയം രൂപീകരിക്കുന്നതെന്ന് പറയരുത്. പാര്‍ട്ടിക്കു മുന്നില്‍ പി ശശിക്കെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പി ജയരാജനെ മാറ്റിയത് ജാവദേക്കറെ കണ്ടതിനല്ല
ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ വീട്ടില്‍ വന്നു കണ്ടു എന്നതിന്‍റെ പേരില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് ഇ പി ജയരാജനെ മാറ്റിയെങ്കില്‍ അതേ ആരോപണം നേരിടുന്ന എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ എന്തുകൊണ്ടു നടപടിയില്ലെന്ന ചോദ്യത്തിന് ടിപി രാമകൃഷ്‌ണന്‍ മറുപടി നല്‍കിയത് ഇങ്ങനെയാണ്:
ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു മാറ്റിയത് പ്രകാശ് ജാവദേക്കറെ കണ്ടതിനല്ല. മാധ്യമങ്ങള്‍ സത്യം മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യണം. ജയാരജനെ മാറ്റിയത് തികച്ചും സംഘടനാപരമായ നടപടിയുടെ ഭാഗമാണ്.
ആ പാര്‍ട്ടിയുടെ കൂടി ഭാഗമാണ് താനും. ഞങ്ങള്‍ എന്തു ചെയ്യണമെന്നു പറയുന്നത് പാര്‍ട്ടിയാണ്. ആര്‍എസ്‌എസ് ഒരു പ്രധാന സംഘടനയാണെന്ന സ്‌പീക്കര്‍ എഎന്‍ ഷംസീറിന്‍റെ അഭിപ്രായത്തോടു പ്രതികരിക്കാനില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്‌പീക്കറുടേത് ഭരണഘടന പരമായ സ്വതന്ത്ര പദവിയാണ്. അദ്ദേഹത്തിന് അഭിപ്രായ പ്രകടനം നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. ആര്‍എസ്എസിനെ എതിര്‍ക്കുന്ന പാര്‍ട്ടിയുടെ ഭാഗമാണ് താനെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ഒരുക്കങ്ങളുമായി മുന്നോട്ടു പോകാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചെന്നും രാമകൃഷ്‌ണന്‍ പറഞ്ഞു.