കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ കൊലപാതക കേസിൽ ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് പ്രതികളും കോടതിയിൽ കീഴടങ്ങി (TP Chandrasekaran Murder Case). പത്താം പ്രതിയും സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മറ്റി അംഗവുമായ കെ കെ കൃഷ്‌ണൻ, പന്ത്രണ്ടാം പ്രതിയും പാനൂർ കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗമായ ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്.
മാറാട് പ്രത്യേക കോടതിയിലാണ് ഇരുവരും കീഴടങ്ങിയത്. വ്യക്തമായ തെളിവില്ലെന്ന കാരണത്താൽ വിചാരണ കോടതി ഇരുവരേയും വെറുതെ വിട്ടിരുന്നു. എന്നാൽ ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. പന്ത്രണ്ടാം പ്രതി ജ്യോതി ബാബു ആംബുലൻസിലാണ് കോടതിയിൽ എത്തിയത്.
കിഡ്‌നി സംബന്ധമായ അസുഖമാണെന്നാണ് കോടതിയെ അറിയിച്ചത്. ഈ മാസം 26 ന് കോടതിയിൽ ഹാജരാകാനായിരുന്നു ഇരുവർക്കും നിർദേശം. റിമാന്‍റിലായ ഇരുവരേയും ജില്ലാ ജയിലിലേക്ക് മാറ്റി. ആവശ്യമായ തുടർ ചികിത്സക്കുള്ള സൗകര്യങ്ങൾ ചെയ്‌തു കൊടുക്കാനും കോടതി നിർദ്ദേശം നൽകി. പ്രതികൾക്കായി അഡ്വക്കറ്റ് കെ വിശ്വൻ ഹാജരായി.
2012 മേയ് 4 ന് വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ചാണ് ആർഎംപി സ്‌ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി പാർട്ടിയുണ്ടാക്കിയതിന്‍റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.