ഇടുക്കി : ഇടുക്കി നെടുങ്കണ്ടം ബസ് സ്‌റ്റാന്‍ഡിലെ കംഫർട്ട് സ്‌റ്റേഷനിൽ നിന്നും സെപ്‌റ്റിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകുന്നു. ദുർഗന്ധം മൂലം ബസ് സ്‌റ്റാന്‍ഡിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കംഫർട്ട് സ്‌റ്റേഷൻ അടച്ചു പൂട്ടി.
ഏതാനും മാസങ്ങൾക് മുൻപാണ് ബസ് സ്‌റ്റാന്‍ഡിൽ പുതിയ കംഫർട്ട് സ്‌റ്റേഷൻ തുറന്നത്. നിലവിൽ സെപ്‌റ്റിക് ടാങ്ക് മാലിന്യം അടക്കം സ്‌റ്റാന്‍ഡിലൂടെ ഒഴുകുന്ന അവസ്ഥയിലാണ്. യാത്രക്കാർ ഇരിക്കുന്ന വെയ്റ്റിങ് ഷെഡിന് സമീപത്തു കൂടി ആണ് മലിന ജലം ഒഴുകുന്നത്. ഇതോടെ യാത്രക്കാർ സ്‌റ്റാന്‍ഡിലേക്ക് വരാത്ത അവസ്ഥയായി. പല വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു.
വ്യാപാരികളും നാട്ടുകാരും പല തവണ പരാതി ഉന്നയിച്ചതിനെ തുടർന്ന് കംഫർട്ട് സ്‌റ്റേഷൻ തത്കാലികമായി അടക്കുകയായിരുന്നു. മുൻപും ഇവിടെ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുകിയിരുന്നു. നിർമാണത്തിലെ അപാകത മൂലമാണ്, ഉദ്‌ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കംഫർട്ട് സ്‌റ്റേഷൻ ഉപയോഗ ശൂന്യമായതെന്നാണ് ആരോപണം. രണ്ട് നിലകളിലായി നിർമിച്ച കംഫർട്ട് സ്‌റ്റേഷൻ പ്രായമായവർക്ക് ഉപയോഗിക്കാൻ ആവില്ല എന്ന ആരോപണവും ഉയർന്നിരുന്നു.
ALSO READ : 'മാലിന്യമുക്‌ത നവകേരളം': ഇടുക്കിയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാന്‍ തീരുമാനം