തിരുവനന്തപുരം: വയനാട്ടില്‍ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെ മുരളീധരനെ താന്‍ വിമര്‍ശിച്ചുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത നിഷേധിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡൻ്റ് ടിഎന്‍ പ്രതാപന്‍. ക്യാമ്പ് എക്‌സിക്യൂട്ടീവിൻ്റെ ഒരു ചര്‍ച്ചയിലും മുരളീധരനെതിരെ ഒരു പ്രതിനിധിയും വിമര്‍ശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രതിനിധികള്‍ അല്ലാത്ത പാര്‍ട്ടി ശത്രുക്കള്‍ മനപൂര്‍വ്വം മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നും പ്രതാപന്‍ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
ഇതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ മുരളീധരന്‍ കോണ്‍ഗ്രസിൻ്റെ സമുന്നത നേതാവാണ്. അദ്ദേഹത്തിൻ്റെ നേതൃത്വം പാര്‍ട്ടി ഇനിയും ആഗ്രഹിക്കുന്നു. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള ഒരു പ്രവര്‍ത്തനത്തിനും കെപിസിസി മുതിരില്ല.
തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരില്‍ ആരെയെങ്കിലും മനപൂര്‍വ്വം ബലിയാടാക്കുന്നതല്ല കോണ്‍ഗ്രസ് നയം. സത്യസന്ധമായ വിലയിരുത്തലുകള്‍ നടത്തി തിരുത്തേണ്ടവ തിരുത്തിയും പോരായ്‌മകൾ പരിഹരിച്ചും എല്ലാവരെയും വിശ്വാസത്തിലെടുത്തും അടുത്ത വിജയങ്ങള്‍ക്കായി പാര്‍ട്ടിയെ കൂടുതല്‍ സജ്ജമാക്കുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ഇതിനായി ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന സന്ദര്‍ഭത്തില്‍ പാര്‍ട്ടിയെ മോശപ്പെടുത്താന്‍ പാര്‍ട്ടി ശത്രുക്കളുടെ ഏജൻ്റുമാരായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തുമെന്ന് പ്രതാപന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്രിയാത്മകമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമാണ് കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ പങ്കെടുത്ത ഓരോ പ്രതിനിധിയും പങ്കുവച്ചത്.
പ്രതികരിച്ച് കെ സുധാകരനും: ഏതെങ്കിലും ഒരു നേതാവിനെ വ്യക്തിപരമായി വിമര്‍ശിക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും ക്യാമ്പിലുണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍ എംപിയും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്യാമ്പില്‍ കെ മുരളീധരനെ ചിലര്‍ വിമര്‍ശിച്ചതായി ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്ത പൂര്‍ണമായും അടിസ്ഥാന രഹിതവും ശുദ്ധ അസംബന്ധവുമാണ്.
കേരളത്തിലെ കോണ്‍ഗ്രസിന് പുതിയ ഉണര്‍വും ദിശാബോധവും നല്‍കുന്ന ചര്‍ച്ചകളാണ് കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ നടന്നത്. കോണ്‍ഗ്രസിൻ്റെ ചരിത്രത്തിലാദ്യമായാണ് സംഘടനാചര്‍ച്ചകള്‍ പുറത്തുവരാതെ സമ്മേളനം നടത്തിയത്. ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. ഇതിന് കടകവിരുദ്ധമായ വാര്‍ത്ത എവിടെ നിന്നാണ് ലഭിച്ചത് എന്നത് മാധ്യമങ്ങള്‍ വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.