വയനാട് : പുൽപ്പള്ളിയിലെ അമരക്കുനിയിൽ കഴിഞ്ഞ പത്ത് ദിവസമായി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ കൂട്ടിലായി. ഇന്നലെ (ജനുവരി 16) രാത്രിയോടെയായിരുന്നു ദേവർഗദ്ദയിലെ കൂട്ടിൽ കടുവ കുടുങ്ങിയത്. അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നത്.
കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കണക്കാക്കിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുകൾ സ്ഥാപിച്ചിരുന്നത്. ആ കൂടുകളിലൊന്നിൽ തന്നെ രാത്രി കടുവ കുടുങ്ങുകയും ചെയ്‌തു. വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്‍റെയും ആർആർടിയുടെയും സംഘങ്ങൾ മയക്കുവെടി വയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങൾ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.
അതേസമയം ആളുകൾ പരിഭ്രാന്തിയിൽ തുടരുന്നതിനിടെയാണ് കടുവ കെണിയിൽ കുടുങ്ങിയത്. തുടർന്ന് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും സ്ഥലത്ത് എത്തിയിരുന്നു. കടുവയെ ഇന്ന് (ജനുവരി 17) കുപ്പാടിയിലെ വനംവകുപ്പിന്‍റെ കേന്ദ്രത്തിലേക്ക് മാറ്റും. ഹോസ്പേസിലേക്കായിരിക്കും കടുവയെ കൊണ്ടുപോവുക.
കഴിഞ്ഞദിവസം കൂട്ടിനടുത്തു വരെ വന്ന കടുവ കൂട് നേരത്തെ തന്നെ അടഞ്ഞ് പോയതിനാൽ തലനാരിഴയ്ക്കാണ് കൂട്ടിലാകാതെ കടന്നുകളഞ്ഞത്. തുടർന്ന് ആട്ടിൻകൂടിന്‍റെ അതേ മാതൃകയിൽ തൂപ്രയിൽ വനംവകുപ്പ് കൂടൊരുക്കി. ഇതിലാണ് ഒടുവിൽ കടുവ കുടുങ്ങിയത്. അഞ്ച് കൂടുകളും 32 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറയും അടക്കം വിപുലമായ സജ്ജീകരണങ്ങളൊരുക്കിയാണ് വനംവകുപ്പ് കടുവയെ കൂട്ടിലാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല എന്നീ പ്രദേശങ്ങളെയാണ് കടുവ ഭീതിയിലാക്കിയത്. കടുവയെ പേടിച്ച് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്ന അവസ്ഥയിലായിരുന്ന നാട്ടുകാർക്ക് വലിയ ആശ്വാസം പകരുന്ന വാർത്തയാണ് ഇന്നലെ അർധരാത്രിയോടെ അവരെ തേടിയെത്തിയത്. ഇതുവരെ അഞ്ച് ആടുകളെയാണ് പ്രദേശത്ത് നിന്ന് കടുവ പിടിച്ചത്.
ചൊവ്വാഴ്‌ചയാണ് (ജനുവരി 14) അവസാനമായി കടുവ ആടിനെ കൊന്നത്. ഇതോടെയാണ് കടുവ കൊന്ന ആടുകളുടെ എണ്ണം അഞ്ചായത്. തൂപ്രയിൽ ചന്ദ്രന്‍റെ ആടിനെയാണ് ചൊവ്വാഴ്‌ച കടുവ പിടിച്ചത്. ആടിനെ കൊന്നതിന് പിന്നാലെ രണ്ട് തവണ കൂടി കടുവ ഇവിടെ വന്നുവെന്ന് ആടിന്‍റെ ഉടമ ചന്ദ്രൻ പറഞ്ഞു.
തെരച്ചിൽ തുടരുന്നതിനിടെ ഇന്നലെ വൈകുന്നേരം 7.20ഓടെ തൂപ്രയിൽ റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്.
Also Read: കടുവാഭീതി ഒഴിയാതെ പരുന്തുംപാറയും പരിസരപ്രദേശങ്ങളും; വിനോദസഞ്ചാരികള്‍ അടക്കം ആശങ്കയില്‍