ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ചുളിവ്, നേർത്ത വരകൾ, പാടുകൾ എന്നിവ ചർമ്മത്തിന്‍റെ സൗന്ദര്യം കെടുത്തുന്നവയാണ്. ഇത്തരം ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാസവസ്‌തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരം വസ്‌തുക്കളുടെ ഉപയോഗം ചർമ്മത്തിന്‍റെ സ്വാഭാവിക ഭംഗി ഇല്ലാതാക്കുകയും പ്രായക്കൂടുതൽ തോന്നിപ്പിക്കാൻ കാരണമാകുകയും ചെയ്യും. അതിനാൽ ചർമ്മ സംരക്ഷണത്തിനായി തികച്ചും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. വിവിധ ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാനും സഹായിക്കുന്ന നാല് കിടിലൻ ഫേസ് പാക്കുകൾ പരിചയപ്പെടാം.
ഒന്ന്
ഒരു ടേബിൾ സ്‌പൂൺ അരിപൊടിയിലേക്ക് കയ്യാർവാഴ ജെല്ലും ബീറ്റ്‌റൂട്ട് നീരും ചേർത്ത് ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിട്ടിന് ശേഷം ഒരു തുണി നനച്ച് തുടച്ച് എടുക്കുക. ചർമ്മത്തിലെ പാടുകളും കരുവാളിപ്പും അഴുക്കുകളും അകറ്റി ചർമ്മം ക്ലിയർ ആകാൻ ഈ പാക്ക് വളരെയധികം ഗുണകരമാണ്. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്.
രണ്ട്
ചർമ്മത്തിലെ പല പ്രശ്‌നങ്ങൾക്കും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം. അതിനായി കഞ്ഞിവെള്ളത്തിൽ പാൽപ്പാട മിക്‌സ് ചെയ്‌ത് മുഖത്ത് പുരട്ടാം. ഇത് ചർമ്മത്തിലെ വരൾച്ച, ചുളിവുകൾ, നേർത്ത വരകൾ എന്നിവ തടയാനും വെയിലും പൊടിയും മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. പുളിപ്പിച്ചോ അല്ലാതെയോ കഞ്ഞിവെള്ളം മാത്രം ചർമ്മത്തിൽ പുരട്ടിയാലും കാര്യമായ മാറ്റം കാണാൻ സാധിക്കും. അതിനായി കഞ്ഞിവെള്ളം രണ്ട് മണിക്കൂർ മാറ്റി വച്ച് ഇതിന്‍റെ അടിയിൽ ഊറി കിടക്കുന്ന സ്റ്റാർച്ച് ഭാഗം മുഖത്ത് പുരട്ടാം. 20 മിനിട്ടിന് ശേഷം കഴുകി കളയാം. ചർമ്മത്തിന്‍റെ നിറം വർധിക്കാനും കഞ്ഞിവെള്ളം വളരെയധികം ഗുണം ചെയ്യും.
മൂന്ന്
ഒരു കപ്പ് വെള്ളത്തിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ വീതം അരിപ്പൊടിയും ഫ്ലാക്‌സ് സീഡ്‌സും ചേർത്ത് തിളപ്പിക്കുക. ഇത് ജെൽ രൂപത്തിലാകുമ്പോൾ അടുപ്പിൽ നിന്നിറക്കി തണുപ്പിക്കാനായി മാറ്റി വക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടി 30 മിനിട്ടിന് ശേഷം നനഞ്ഞ തുണി കൊണ്ട് തുടക്കാം. ആഴ്‌ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം. ചർമ്മത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്‌ത പുനരുജ്ജീവനം നൽകാനും ചർമ്മം കണ്ണാടി പോലെ തിളങ്ങാനും ഈ പാക്ക് സഹായിക്കും.
നാല്
അരിപൊടിയും കറ്റാർവാഴയും ഒരു ടേബിൾ സ്‌പൂൺ വീതം ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് അൽപം ഗ്രീൻ ടീ കൂടി ചേർത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ഗ്രീൻ ടീ കൊണ്ട് മുഖം കഴുകിയ ശേഷം ഈ പാക്ക് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോൾ കഴുകി കളയാം. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും തിളക്കം ലഭിക്കാനും ഇത് വളരെയധികം സഹായിക്കും. ചർമ്മത്തിന് മൃദുത്വം നൽകാനും വളർച്ച തടയാനും ഈ പാക്ക് ഗുണകരമാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read : ബ്ലാക്ക് ഹെഡ്‌സാണോ പ്രശ്‌നം; അടുക്കളയിലെ ഈ ചേരുവകൾ കൊണ്ട് ഞൊടിയിടയിൽ പരിഹരിക്കാം