വയനാട്: വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കടുവയെ പുറത്തെത്തിച്ചു. മൂന്നാനക്കുഴി യൂക്കാലി കവലക്കു സമീപം കാക്കനാട്ട് ശ്രീനാഥിന്‍റെ വീട്ടിലെ കിണറ്റിലാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടർന്ന് മയക്കുവെടി വെച്ചാണ് പുറത്തെത്തിച്ചത്.
കടുവയെ കുപ്പാടി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. സുരക്ഷ കണക്കിലെടുത്താണ് മയക്കുവെടി വെച്ചത്. ഇന്ന് രാവിലെ ടാങ്കിലേക്ക് വെള്ളമടിക്കാനായി മോട്ടർ ഇട്ടപ്പോൾ പ്രവർത്തിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കടുവയെ കണ്ടത്.
പരിഭ്രാന്തരായ വീട്ടുകാർ ഉടൻതന്നെ വനംവകുപ്പിനെ അറിയിച്ചു. വന്യമൃഗങ്ങളെ ഓടിച്ചുകൊണ്ടു വന്നപ്പോൾ കിണറ്റിൽ വീണതാണെന്നാണ് കരുതുന്നത്. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് മൂന്നാനക്കുഴി. കടുവയെ കണ്ട സാഹചര്യത്തിൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.
ALSO READ: വയനാട്ടിൽ നിന്നും പിടികൂടിയ പെൺ കടുവ ഇനി തിരുവനന്തപുരം മൃഗശാലയിൽ; ആരോഗ്യസ്ഥിതി ആശങ്കാജനകം