കോട്ടയം: ലൗജിഹാദ് ഇപ്പോഴുമുണ്ടെന്ന് കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. കേരള സ്‌റ്റോറി കേരളത്തിലുള്ള എല്ലാവരും കാണണം. അത് പള്ളിയിൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല. മുസ്‌ലിം സമുദായത്തിലെ ന്യൂനപക്ഷമായിട്ടുള്ള ചിലരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. അത്തരക്കാരെ സാമാന്യവത്ക്കരിക്കേണ്ടതില്ല എന്നും തുഷാർ വെള്ളാപള്ളി പറഞ്ഞു.
കെ എം മാണിയുടെ ഓര്‍മ ദിനമായ ഇന്ന് അദ്ദേഹത്തിന്‍റെ കബറിടം സന്ദർശിച്ച ശേഷമായിരുന്നു തുഷാറിന്‍റെ പ്രതികരണം. രാവിലെ 11 മണിയോടെയാണ് തുഷാർ വെള്ളാപ്പള്ളി പാലാ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലെ കെ എം മാണിയുടെ കബറിടം സന്ദർശിച്ചത്. കെ എം മാണി കുടുംബ സുഹൃത്തായിരുന്നുവെന്ന് തുഷാർ പറഞ്ഞു.
കോട്ടയത്ത് വിജയം 100 ശതമാനം ഉറപ്പാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ സമുദായത്തിൽ നിന്നുമുള്ള വോട്ട് ലഭിക്കും. എന്‍ഡിഎ സർക്കാർ അധികാരത്തിൽ വരുമ്പോൾ മറ്റാരെയും ജയിപ്പിച്ചിട്ട് യാതൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് പാലാ നിയോജക മണ്ഡലം പ്രസിഡന്‍റ് സുരേഷ് ഇട്ടിക്കുനേലും ബിഡിജെഎസ് പ്രവർത്തകരും തുഷാറിനൊപ്പമുണ്ടായിരുന്നു.
Also Read: തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് പര്യടനം ആരംഭിച്ചു; ക്രൈസ്‌തവ മേലധ്യക്ഷന്മാരെ നേരിൽ കണ്ടു