തൃശൂർ : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലം ഭാരതീയ ജനത പാർട്ടി എടുത്തിരിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് ഇത്തവണ താൻ വന്നതെന്നും എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ജൂൺ 4ന് തൃശൂരിന് ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്. തൃശൂർ വഴി കേരളത്തിന്‍റെ ഉയിർപ്പ് സംജാതമാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രിയേയും സുരേഷ് ഗോപി പരിഹസിച്ചു. ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്ന് പറഞ്ഞ അദ്ദേഹം കാലിനടിയിലെ മണ്ണൊലിച്ച് പോയിരിക്കുകയാണ് എന്നും ചൂണ്ടിക്കാട്ടി.
ബിജെപിക്ക് കേരളത്തിൽ നിന്ന് എംപിമാരെ തന്നാൽ 2026 വരെ കാത്തിരിക്കേണ്ടി വരില്ല. കേരളത്തിലും കൊടുങ്കാറ്റ് വീശിയടിക്കുമെന്നും അതോടെ കപ്പൽ ആടി ഉലയുമെന്നും സുരേഷ് ഗോപി പറഞ്ഞു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ സഹകരണ മേഖലയിൽ പൊളിച്ചെഴുത്ത് നടത്തും. സഹകരണ മേഖലക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി അവകാശപ്പെട്ടു.