തൃശൂർ: ഇലക്‌ട്രീഷ്യനായ തൃശൂർ സ്വദേശി ബിനിൽ ടി ബി ഏഴ് മാസം മുമ്പാണ് റഷ്യയിലേക്ക് പോയത്. മികച്ച ജോലിയും ഉയർന്ന വേതനവും ലഭിക്കുമെന്ന വാഗ്‌ദാനത്തിലാണ് ആദ്യത്തെ കണ്‍മണിയെ കാണാന്‍ പോലും നില്‍ക്കാതെ ബിനില്‍ വിമാനം കയറിയത്.
നാല് മാസം മുമ്പ് ബിനിലിന്‍റെ ഭാര്യ ജോയിസി ജോണ്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ആഹ്ളാദിക്കാവുന്ന സ്ഥിതിയിലായിരുന്നില്ല ബിനിലിന്‍റെ കുടുംബം. കുഞ്ഞ് പിറന്ന സന്തോഷം ബിനിലുമായി ശരിയാംവണ്ണം പങ്കിടാന്‍പോലും കുടുംബത്തിന് കഴിഞ്ഞിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോൾ റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രെയ്‌നിലെ യുദ്ധ ബാധിത പ്രദേശത്ത് എവിടെയോ കുടുങ്ങിയിരിക്കുകയാണ് ബിനിലും ബന്ധു ജെയിനും എന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളെല്ലാം ഇവര്‍ക്ക് നഷ്‌ടപ്പെട്ടു. ബിനിലിനെയും ബന്ധുവിനെയും തിരിച്ചെത്തിക്കാന്‍ അധികാരികളുടെ വാതിലുകള്‍ നിരന്തരം മുട്ടുകയാണ് ബിനിലിന്‍റെ ഭാര്യ ജോയിസി.
തൃശൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളജില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് ജോയ്‌സി. നിലവിൽ പ്രസവാവധിയിലാണ്. തിങ്കളാഴ്‌ചയാണ് ബിനിലിന്‍റെ അവസാന ഓഡിയോ സന്ദേശം കൂറഞ്ചേരിയിലെ വീട്ടിലേക്ക് എത്തുന്നത്.
'സ്ഥിതി വഷളായി, ഇന്ന് യുദ്ധ മുഖത്തേക്ക് പോകാൻ ഞങ്ങളോട് പറഞ്ഞിരിക്കുകയാണ്. പോകുന്നതിന് മുമ്പ് വീട്ടിലേക്ക് സന്ദേശം അയക്കാൻ അവർ ഞങ്ങളോട് നിർദേശിച്ചു. എല്ലാവരോടും പറയണം'- ഇതായിരുന്നു അവസാനത്തെ ഓഡിയോ സന്ദേശത്തില്‍ ഉണ്ടായിരുന്നത്.
തന്നോടും ബന്ധു ജെയിനിനോടും യുദ്ധമുഖത്ത് റിപ്പോർട്ട് ചെയ്യാൻ റഷ്യൻ അധികാരികൾ ഉത്തരവിട്ടതായാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്. നിരന്തരമായ വ്യോമാക്രമണം നടക്കുന്ന പ്രദേശത്താണ് ബിനിൽ ഇപ്പോഴുള്ളത് എന്നാണ് കുടുംബം പറയുന്നത്.
ഭർത്താവിനെയും ബന്ധുവിനെയും യുദ്ധ മുഖത്ത് നിന്ന് കഴിവതും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിസി സംസ്ഥാന സർക്കാരിനെയും കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെയും സമീപിച്ചിരുന്നു. സംസ്ഥാനത്തെ മറ്റെല്ലാ എംപിമാര്‍ക്കും മോസ്‌കോയിലെ ഇന്ത്യൻ എംബസിയെയും ഇവര്‍ സമീപിച്ചിട്ടുണ്ട്.
ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം, റഷ്യൻ അധികാരികളുടെ ആശയ വിനിമയത്തിനായി കാത്തിരിക്കുകയാണ് എന്ന ഒരു സന്ദേശമാണ് എംബസി ഉദ്യോഗസ്ഥർ പറഞ്ഞത് എന്ന് ജോയിസി നിരാശയോടെ പറഞ്ഞു.
ഐടിഐ മെക്കാനിക്കൽ ഡിപ്ലോമക്കാരായ ബിനിൽ (32), ജെയിൻ (27) എന്നിവർ റഷ്യയിൽ ഇലക്‌ട്രീഷ്യൻ, പ്ലംബർ ജോലിക്കായാണ് ഏപ്രിൽ 4 ന് റഷ്യയിലേക്ക് പോയത്. എന്നാല്‍ അവിടെയെത്തിയതോടെ അവരുടെ ഇന്ത്യൻ പാസ്‌പോർട്ടുകൾ കണ്ടുകെട്ടി.
തുടർന്ന് അവരെ റഷ്യൻ മിലിട്ടറി സപ്പോർട്ട് സർവീസിന്‍റെ ഭാഗമായി യുദ്ധമേഖലയിലേക്ക് വിന്യസിച്ചെന്ന് ജോയ്‌സി പറഞ്ഞു. ബിനിലിനും ബന്ധുവിനും റഷ്യയിൽ പ്രതിമാസം രണ്ട് ലക്ഷം രൂപ ശമ്പളം വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ശമ്പളം ലഭിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പക്ഷേ ഇതുവരെ ഒരു രൂപ പോലും വീട്ടിലേക്ക് അയയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഭാര്യ വ്യക്തമാക്കി.
'ജൂൺ വരെ ഞങ്ങൾ ബിനിലുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. അതിന് ശേഷം കാര്യമായ വിളികള്‍ ഉണ്ടായിരുന്നില്ല. പരിശീലനത്തിലായിരിക്കുമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്നുമാണ് ഞങ്ങൾ കരുതിയത്. പിന്നീടാണ് എല്ലാം അറിയുന്നത്'- ജോയിസി പറഞ്ഞു. ജെയിനിന്‍റെ കുടുംബത്തിലും ഇത് തന്നെയാണ് സ്ഥിതി എന്ന് അവർ പറയുന്നു. ജോയിസിയുടെ കസിനാണ് ജെയിന്‍.
ജൂണിൽ, ക്യാമ്പ് സ്ഥലം മാറ്റുന്നതിനിടെ ബിനിലിന്‍റെ ലഗേജും മൊബൈൽ ഫോണും നഷ്‌ടപ്പെട്ടു. എടിഎം കാർഡുകളും മറ്റ് പ്രധാന രേഖകളുമെല്ലാം നഷ്‌ടപ്പെട്ടു.
രണ്ട് മാസത്തേക്ക് കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. പിന്നീട് ആഗസ്റ്റ് അവസാനം ബിനില്‍ വീട്ടിലേക്ക് വിളിച്ചതായി ഭാര്യ പറഞ്ഞു. ക്യാമ്പിലാണെന്നും വൈഫൈ ഉപയോഗിച്ചാണ് വിളിക്കുന്നതെന്നും പറഞ്ഞു.
നാട്ടില്‍ നിന്ന് ഒരു റഷ്യൻ പൗരന്‍റെ അക്കൗണ്ടിലേക്ക് പണം അയച്ചതിന് ശേഷമാണ് അവർക്ക് ഒരു മൊബൈൽ ഫോൺ കിട്ടിയത് എന്ന് ജോയ്‌സി പറഞ്ഞു. ശനിയാഴ്‌ചകളിൽ മാത്രം വീട്ടിലേക്ക് വിളിക്കാനുള്ള അനുമതിയേ ബിനിലിന് ഉള്ളൂ എന്നും അവര്‍ പറയുന്നു.
ഒരു ശനിയാഴ്‌ച വിളിച്ചപ്പോഴാണ് ബിനിലിന്‍റെ കൂടെ ഉണ്ടായിരുന്ന തൃശൂർ സ്വദേശി സന്ദീപ് യുദ്ധമുഖത്ത് മരിച്ച വിവരം പറയുന്നത്. യുദ്ധ ഭൂമിയിലേക്ക് ഭക്ഷണം എത്തിക്കുന്നതിനിടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു സന്ദീപ്.
റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്‌ഠിക്കുന്ന ഒരു ബന്ധുവിന്‍റെ സഹായത്താൽ സ്വകാര്യ വിസയിലാണ് ഇരുവരും റഷ്യയിലേക്ക് പോയത്. എന്നാല്‍ ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ഇടപെടലിനെ തുടർന്ന് ഈ വർഷമാദ്യം മോസ്കോ ഡിസ്‌ചാർജ് ചെയ്‌ത ഇന്ത്യക്കാരുടെ കൂട്ടത്തില്‍ ആ ബന്ധുവുമുണ്ടായിരുന്നു. പക്ഷേ റഷ്യൻ പൗരത്വമുള്ള ബന്ധുവിനെ ഇന്ത്യയിലേക്ക് അയച്ചിട്ടില്ല.
തന്നെയും കൂട്ടാളിയെയും യുദ്ധമുന്നണിയിലെ ഫസ്റ്റ്-ലൈൻ സർവീസിന് നിയോഗിച്ചിട്ടുണ്ടെന്നും ബന്ധു ഉൾപ്പെടെയുള്ളവർ മൂന്നാം നിരയിലാണെന്നും ബിനിൽ അറിയിച്ചതായി ജോയ്‌സി പറയുന്നു. ബിനിലിനോടൊപ്പം പോയവരിൽ കൊല്ലം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേർ അടുത്തിടെ കേരളത്തിൽ തിരിച്ചെത്തിയതായി ജോയിസി പറഞ്ഞു. ബിനിലിന്‍റെ അടുത്ത സന്ദേശത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം. ഒപ്പം ബിനിലിനെയും ജെയിനെയും തിരികെയെത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.