തിരുവനന്തപുരം : കണ്ണൂര്‍ സ്വദേശിയാണെങ്കിലും സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്‍ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത് തൃശൂരില്‍ ഐഎന്‍ടിയുസി നേതാവായാണ്. തൃശൂര്‍ സീതാറാം മില്‍സിലെ തൊഴിലാളികളെ കോണ്‍ഗ്രസിന്‍റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി യൂണിയന് കീഴില്‍ അണിനിരത്തുക എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ കരുണാകരന്‍ ആദ്യം തൃശൂര്‍ കോര്‍പറേഷനിലെ കൗണ്‍സിലറായി പാര്‍ലമെന്‍ററി രംഗത്തേക്ക് കടന്നു. പിന്നാലെ തൃശൂര്‍ ജില്ലയിലെ മാള നിയമസഭാമണ്ഡലം കേന്ദ്രമാക്കി നിയമസഭയിലെത്തി.
1967 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാളയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കരുണാകരന്‍ നിയമസഭയിലെത്തുമ്പോള്‍ കോണ്‍ഗ്രസിന്‍റെ അംഗബലം വെറും 9. നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവ് അലക്‌സാണ്ടര്‍ പറമ്പിത്തറ വിസമ്മതിച്ചപ്പോള്‍ കരുണാകരന്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും പിന്നാലെ പ്രതിപക്ഷ നേതാവുമായി. പിന്നെ പതിറ്റാണ്ടുകളോളം കരുണാകരന്‍റെ തട്ടകം തൃശൂരിലെ മാള നിയോജക മണ്ഡലമായി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായിട്ടും അവിടെ ജയിച്ചു കയറി കരുണാകരന്‍ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയും ഒന്നിലേറെ തവണ പ്രതിപക്ഷ നേതാവും അതിലേറെ തവണ കേരളത്തിലെ മുഖ്യമന്ത്രിയുമായി. ഒരിക്കല്‍ പോലും തന്നെ കൈവിടാത്ത മാള ഉള്‍പ്പെടുന്ന തൃശൂര്‍ ജില്ല തന്‍റെ പൊന്നാപുരം കോട്ടയാണെന്ന് കരുണാകരന്‍ കരുതിയ കാലത്താണ് 1991ല്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുകയും കെ കരുണാകരന്‍ നാലാം തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയാവുകയും ചെയ്യുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കില്‍ 1995 ല്‍ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്‌ടമാകുകയും എ കെ ആന്‍റണി കേരളത്തിന്‍റെ മുഖ്യമന്ത്രിയാവുകയുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം നഷ്‌ടപ്പെട്ട കരുണാകരനെ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്, സര്‍ക്കാരില്‍ വ്യവസായ മന്ത്രിയാക്കി. പിന്നാലെ 1996ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിയായിരുന്ന പിസി ചാക്കോ സുരക്ഷിത മണ്ഡലം എന്ന നിലയില്‍ തൃശൂര്‍ കരുണാകരന് മത്സരിക്കാന്‍ ഒഴിഞ്ഞുകൊടുത്തു.
പിസി ചാക്കോ മുകുന്ദപുരം മണ്ഡലം മത്സരിക്കാനായി തെരഞ്ഞെടുത്തു. പക്ഷേ വോട്ടെണ്ണിയപ്പോള്‍ വെറും 1480 വോട്ടുകള്‍ക്ക് കരുണാകരന്‍ അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഐ നേതാവ് വിവി രാഘവനോട് തോറ്റു. തൊട്ടടുത്ത് 1998ല്‍ കെ കരുണാകരന്‍റെ മകനായ കെ മുരളീധരന്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും കെ കരുണാകരനെ തോല്‍പ്പിച്ച അതേ സിപിഐ സ്ഥാനാര്‍ഥി വി വി രാഘവനോട് പരാജയപ്പെട്ടു.
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വി എസ് സുനില്‍ കുമാറിനോട് തോറ്റു. 2016ല്‍ പത്മജ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തൃശൂര്‍ നിയമസഭ മണ്ഡലത്തിലിറങ്ങിയെങ്കിലും വീണ്ടും പരാജയമായിരുന്നു ഫലം.
2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും കെ മുരളീധരന്‍ പരാജയപ്പെട്ടതോടെ കെ കുണാകരനോ അദ്ദേഹത്തിന്‍റെ മക്കളോ തൃശൂരില്‍ പരാജയപ്പെടുന്ന ആറാമത്തെ തെരഞ്ഞെടുപ്പാവുകയാണ്. ഇതിന് മുന്‍പ് 2004ല്‍ തൃശൂര്‍ ജില്ലയുടെ ഭാഗമായ മുകുന്ദപുരം ലോക്‌സഭ മണ്ഡലത്തിലും പത്മജ ഭാഗ്യം പരീക്ഷിച്ചെങ്കിലും പരാജയം രുചിച്ചു.
2005ല്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി ചേര്‍ന്ന ശേഷം തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അന്നും കെ മുരളീധരന്‍ പരാജയപ്പെട്ടു. ചുരുക്കത്തില്‍ കെ കരുണാകരനും മക്കള്‍ക്കും അത്ര ആശ്വാസകരമായ മണ്ഡലമല്ല തൃശൂരും തൃശൂര്‍ ജില്ലയും. കെ മുരളീധരന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒട്ടും രാശിയില്ലാത്ത മണ്ഡലം.
ALSO READ: തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ മുരളീധരന്‍