എറണാകുളം: ആലുവയിലെ അനാഥാലയത്തിൽ നിന്ന് കൗമാരക്കാരായ മൂന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ രാത്രിയോടെയാണ് ആലുവയിലെ മാതൃശക്തിയിൽ നിന്ന് പെൺകുട്ടികളെ കാണാതായത്. 15, 16, 18 വയസ് പ്രായമുള്ളവരാണ് പെൺകുട്ടികൾ.
ഇന്ന് രാവിലെ 7.30 ഓടെയാണ് വിവരം ലഭിച്ചതെന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പെൺകുട്ടികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ചൈൽഡ് വെൽഫയർ സെൻ്ററിൽ നിന്നടക്കമുള്ള കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന സ്ഥാപനമാണ് ആലുവ മാതൃശക്തി. മുപ്പതോളം കുട്ടികളാണ് ഇവിടെ ഉള്ളത്.