കോഴിക്കോട് : 'ഞങ്ങള്‍ അവതരിപ്പിക്കുന്നു. ഉത്തരമലബാറിലെ മലയ സമുദായക്കാരുടെ ഭൈരവന്‍ പാട്ട്.' ചെണ്ടയും തുടിയും കൈമണിയുമായി കലോത്സവ വേദിയില്‍ ആടിത്തിമിര്‍ക്കുകയാണ് നാടന്‍പാട്ട് സംഘം. "ഓം പരംപരാ പരിപ്പൂർണ്ണാ പരാതമേദകബോജം അഷ്ട്ടഭൈരവാ.. ശോഡഭൈരവാ.. നിങ്ങളുടെ തിരുമുമ്പിലും കാട്ടിലും മേട്ടിലും തൂണിലും മാറാപ്പിലും പൂജിക്കുന്നൊരു ഭഗവാന്‍റെ നാഗപ്പടം തോളിലേറ്റി അഷ്ട്ടാംഗ ദൈനികൻ വാഴും എൻ ഭഗവാന്‍റെ ഏഴു ദിക്കിലും തെക്കിൻ കോവിലും മുക്കിലും അരിയും പൂവും വിതറിച്ച് പുകൾ കേട്ടൊരു ഭഗവാന്‍റെ തിരുമുമ്പിൽ കൈത്തൊഴുന്നെൻ." ജില്ലാ കലോത്സവത്തില്‍ വിജയിച്ച് സംസ്ഥാന കലോത്സവത്തിനെത്തിയ മിക്ക ജില്ലക്കാരും നാടന്‍ പാട്ടിന് തെരഞ്ഞെടുത്തത് തോറ്റം പാട്ടുകളായിരുന്നു.
കലോത്സവ വേദിയില്‍ കുട്ടികളുടെ ഈ കിടയറ്റ പ്രകടനം കണ്ട് സംഗീത സംവിധായകന്‍ ദിബു നൈനാന്‍ തോമസ് ഈ ഭൈരവന്‍ പാട്ട് സിനിമയിലേക്കും ആവാഹിച്ചു. കലോത്സവ വേദികളില്‍ പല തവണ ആവര്‍ത്തിക്കപ്പെട്ട പാട്ട് സിനിമയിലും ഹിറ്റായി. അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയിലെ പാട്ട് ആരാധകരും ഏറ്റെടുത്തു.
തെയ്യക്കാവുകളില്‍ നിന്ന് തോറ്റം പാട്ടുകള്‍ കലോത്സവ വേദികളിലേക്കും വെള്ളിത്തിരകളിലേക്കും മുന്നേറുന്നതിനിടെ തോറ്റം പാട്ടുകളെ നാടൻപാട്ടായി വേദികളിൽ അവതരിപ്പിക്കുന്നതിനെതിരെ തെയ്യം കലാകാരന്മാരും സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. സ്‌കൂൾ കലോത്സവ വേദികളിൽ സംസ്ഥാനതലത്തിൽ വരെ എത്തിയ നാടൻപാട്ടുകൾ തോറ്റം പാട്ടുകളാണെന്ന് സംഘടനയുടെ സെക്രട്ടറി രജീഷ് കുമാർ പികെ പറഞ്ഞു.
സാധാരണക്കാരന്‍റെ ആരാധന സമ്പ്രദായമാണ് തെയ്യവും തിറയും. കെട്ടിയാട്ടം തുടങ്ങുമ്പോഴും ഉറഞ്ഞ് തുള്ളിയതിന് ശേഷവുമെല്ലാം തോറ്റം ചൊല്ലും. അഞ്ചടി എന്നും ഇത് അറിയപ്പെടുന്നുണ്ട്. ദേവതകളുടെ ഉത്ഭവവും മാഹാത്മ്യവും സഞ്ചാരങ്ങളും രൂപവിശേഷങ്ങളും വർണിച്ച് കൊണ്ട് ദേവതകളെ സ്‌തുതിക്കുന്ന വരികളാണിത്. പരമ്പരകൾ ഏറ്റുചൊല്ലിയ ഈ വരികളെ അതേപടി പകർത്തി ചെറിയ ഈണ വ്യത്യാസം വരുത്തി സ്‌റ്റേജിൽ അവതരിപ്പിക്കുന്നു എന്നാണ് പരാതി.
'തലമുറകൾ കൈമാറി വന്ന വരികളാണ് നാടൻപാട്ടാക്കി മാറ്റിയത്. ക്ഷേത്രങ്ങളിൽ ഈ വരികൾ തോറ്റമായി ചൊല്ലുമ്പോൾ ഇത് നാടൻപാട്ടല്ലേ എന്ന പരിഹാസമാണ് ഉയരുന്നത്. ഇതാണ് ഏറെ വേദനിപ്പിക്കുന്നത്' എന്ന് രജീഷ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രേഖാമൂലം എഴുതി വയ്ക്കാൻ പറ്റിയതല്ല തോറ്റം വരികൾ. വണ്ണാൻ, മലയർ, പാണർ, വേലർ, മുന്നൂറ്റാന്മാർ, അഞ്ഞൂറ്റാന്മാർ, മാവിലാർ, ചിറവർ, പുലയർ തുടങ്ങിയ സമുദായങ്ങൾ തോറ്റം ചൊല്ലുന്നുണ്ട്. ഇതാണ് നാടൻ പാട്ടായി ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ വഴിയും വലിയ പ്രശ്‌നങ്ങൾ നേരിടുകയാണെന്ന് രജീഷ് പറഞ്ഞു.
'തിറ കെട്ടിയാടുന്നത് പ്രചരിപ്പിക്കുന്നത് സന്തോഷകരവും ഒപ്പം ആവേശവുമാണ്. എന്നാൽ ക്ഷേത്രമുറ്റത്ത് നടക്കുന്ന തോറ്റവും അരുളപ്പാടും അതേപടി പ്രചരിപ്പിക്കുകയാണ്. ഇത്തരം പ്രവണതകൾ വലിയ ദോഷം ചെയ്യുന്നുണ്ട്'. പരമ്പരാഗത അനുഷ്‌ഠാന രീതികളെ ദുരുപയോഗം ചെയ്യുന്ന സംഭവത്തിൽ ജില്ല കലക്‌ടർക്ക് പരാതി നൽകിയിരിക്കുകയാണ് തെയ്യം കലാകാരന്മാരുടെ സംഘടന.
തോറ്റം പാട്ടുകള്‍ നാടന്‍ പാട്ടുകളായി അവതരിപ്പിക്കപ്പെടുന്നതിലും തെയ്യം കാവുകള്‍ക്കുമപ്പുറം പൊതു വേദികളില്‍ അവതരിപ്പിക്കപ്പെടുന്നതിലും തെറ്റ് കാണാനാവില്ലെന്നാണ് ഫോക് ലോര്‍ ഗവേഷകനായ രമേഷ് കോന്നി അഭിപ്രായപ്പെടുന്നത്. ആചാരത്തിന്‍റെ കൂടി ഭാഗമായി തോറ്റം പാട്ടുകളെ സമീപിക്കുന്ന സമൂഹത്തിന് ഫോക് ലോറിസത്തെ അംഗീകരിക്കാന്‍ പ്രയാസമാകുമെങ്കിലും ഇത് നാടന്‍ കലകളുടെ സ്വാഭാവിക പരിണാമം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസത്തിന്‍റെ ഭാഗമായി തോറ്റംപാട്ടിന് സമൂഹത്തിലുള്ള ധര്‍മ്മത്തോടൊപ്പം നാടന്‍പാട്ടെന്ന രീതിയില്‍ക്കൂടി അവതരിപ്പിക്കപ്പെടുന്നത് അതിന്‍റെ സ്വീകാര്യതയും നിലനില്‍പ്പും കൂട്ടുക മാത്രമാണ് ചെയ്യുകയെന്നും രമേഷ് കോന്നി അഭിപ്രായപ്പെട്ടു.
'മലബാറിലെ തെയ്യം ഭക്തരോട് സംവദിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് അവരുടെ സംസാരഭാഷയാണ്. അതു കൊണ്ടു തന്നെ തെയ്യങ്ങളൊക്കെ സംസാരഭാഷയിലാണ്. തെയ്യ തോറ്റങ്ങളും വക്കുരിയാടലുകളും പിന്നീട് കാലാകാലങ്ങളില്‍ ഭാഷാ പരമായ ഒട്ടേറെ നവീകരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കര്‍ത്താവ് ആരെന്നോ കാലഘട്ടമേതെന്നോ നിര്‍ണയിക്കാനാവാത്ത ഉത്കൃഷ്‌ട രചനകളാണ് മിക്ക തോറ്റം പാട്ടുകളും. അവ കാവുകളില്‍ ആചാരപരമായിത്തന്നെ ഉരിയാടപ്പെടണം.
പക്ഷേ കാവുകള്‍ക്കപ്പുറത്തേക്കു കൂടി ഇവ പഠിക്കപ്പെടാനും ചര്‍ച്ച ചെയ്യപ്പെടാനും സാഹചര്യമൊരുങ്ങുന്നത് ഈ നാടന്‍ കലയുടെ നിലനില്‍പ്പിന് ഗുണകരമാവും. ഇത്തരം നീക്കങ്ങള്‍ ഉത്തര മലബാറിലേതടക്കമുള്ള ഭാഷാചരിത്രത്തിന്‍റെ പരിണാമഘട്ടങ്ങളെക്കുറിച്ച് മനസിലാക്കാനും, കേരള ചരിത്രത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളിലേക്ക് വെളിച്ചം വീശാനും ഉപകരിക്കും. പൊട്ടൻ തെയ്യത്തിന്‍റെ തോറ്റം, കടാങ്കോട് മാക്കം തെയ്യത്തിന്‍റെ തോറ്റം, കതിവന്നൂർ വീരൻ തെയ്യത്തിന്‍റെ തോറ്റം എന്നു വേണ്ട പ്രമുഖങ്ങളായ തോറ്റങ്ങളെല്ലാം അതത് കാലത്തിന്‍റെ സംസ്‌കാരവും ചരിത്രവും സാമൂഹ്യ സാഹചര്യങ്ങളും വരച്ചു കാട്ടുന്ന ഉദാത്ത കാവ്യങ്ങളാണ്. അവ നാടന്‍ പാട്ടുകളെന്ന ഗണത്തില്‍ത്തന്നെ പെടുന്നവയാണ്. പച്ച മനുഷ്യര്‍ നിര്‍മിച്ച എവിടേയും എഴുതപ്പെടാത്ത തോറ്റം പാട്ടുകൾ കലോത്സവ വേദികളില്‍ എത്തുന്നത് തെയ്യത്തിന്‍റെ ആചാര രീതികളേയോ സംഹിതകളേയോ ഒട്ടും ബാധിക്കാന്‍ പോകുന്നില്ല.'
തോറ്റം പാട്ടുകളുടെ ആചാരപരവും വിശ്വാസ പരവുമായ പ്രത്യേകതകളും അവ അനുഷ്‌ഠാന കലയെന്ന നിലയില്‍ മാത്രം നിലനിര്‍ത്തണമെന്ന ആവശ്യവും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി വയ്‌ക്കുകയാണ്. കാണി മുണ്ടും പട്ടും തലപ്പാളിയും ചുറ്റി, ദേഹത്ത് ചന്ദനം പൂശിയെത്തുന്ന കോലക്കാരന്‍. കാവിലെ പള്ളിയറക്കു മുന്നിലെത്തി പറിച്ചു കൂട്ടിത്തൊഴുത്, കര്‍മ്മി നല്‍കുന്ന കൊടിയില സ്വീകരിച്ച് ദിക്കുകളെ വണങ്ങി കാവിനെ വലംവച്ച് തോറ്റത്തിന് ഒരുങ്ങിക്കഴിഞ്ഞു.
തെയ്യക്കാവുകളില്‍ ചെണ്ടയുടേയും ചീനിയുടേയും പശ്ചാത്തലം. ഇനി തോറ്റം പാട്ടാണ്. വാദ്യക്കാരനും തെയ്യം കെട്ടിയാടുന്ന കോലധാരിയും ചൊല്ലുന്നതാണ് തോറ്റം. അഥവാ തെയ്യത്തിന്‍റെ ആദ്യ ഘട്ടം. ദൈവത്തെ വിളിച്ചു വരുത്താനുപയോഗിക്കുന്നതും ദൈവ ചരിത്രം വര്‍ണിക്കുന്നതുമാണ് തോറ്റം പാട്ടുകളെന്നാണ് സങ്കല്‍പം. വരവിളി, പൊലിച്ചു പാട്ട്, ഉറച്ചില്‍ തോറ്റം എന്നിങ്ങനെ തോറ്റം പാട്ടിനു തന്നെ പലഘട്ടങ്ങളുണ്ട്.