കോട്ടയം: എംഎല്‍എ മുകേഷിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ധാർമികതയുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രതിയായ എംഎല്‍എ കോടതിയില്‍ ഹാജരാകുന്നതിനേക്കാള്‍ നല്ലതാണ് എംഎല്‍എ അല്ലാതെ കോടതിയിലെത്തുന്നതെന്നും തിരുവഞ്ചൂര്‍.
രാജിവയ്‌ക്കുന്ന കാര്യം അദ്ദേഹം തീരുമാനിക്കട്ടെ. ധാർമികതയുടെ പേരിലാണ് എന്ന് പറയുന്നതെങ്കിൽ അതേ ധാർമികതയുടെ തുടർച്ചയാണ് രാജിവയ്ക്കുകയെന്ന് പറയുന്നത്. ജനം ആഗ്രഹിക്കുന്നതിന് അനുകൂലമായി പോയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് അദ്ദേഹം പറഞ്ഞു.
പരാതിക്കാരായ സ്ത്രീകൾക്ക് സ്വതന്ത്രമായി പരാതി പറയാനുള്ള സംവിധാനം സർക്കാർ ഇല്ലാതാക്കിയെന്നും തിരുവഞ്ചൂർ ആരോപിച്ചു. സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയുന്നതിന് വേണ്ടിയും പരാതി ഉന്നയിക്കുന്നതിനുമുളള സംവിധാനം കേരള സംസ്ഥാനത്ത് ഉണ്ടാക്കിയാലേ മതിയാകുകയുളളൂ.
അവർക്ക് സ്വതന്ത്രമായും ഭയപ്പാടില്ലാതെയും കാര്യങ്ങൾ പറയാൻ പറ്റുന്ന ഒരു ഇടമുണ്ടാകണം. ഇവിടുണ്ടായിരുന്ന പഴയൊരു തീരുമാനം ഈ ഗവൺമെൻ്റ് അട്ടിമറിച്ചു. വിമൺ ഇൻവെസ്റ്റിഗേഷൻ ടീം കൊണ്ടുവരണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേര്‍ത്തു.
Also Read: കുരുക്ക് മുറുകുന്നു; നടിയുടെ പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്