തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗത സൗകര്യം കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ രണ്ട് മാസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. ഡിപിആർന്‍റെ 90 ശതമാനവും പൂർത്തിയായതായി കെഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളിയാഴ്‌ച 02/02/2024 ഡിപിആറിന്‍റെ പ്രാഥമിക റിപ്പോർട്ട് ഡൽഹി മെട്രോ റെയിൽ ലിമിറ്റഡ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെ ഡിഎംആർസി - കെഎംആർഎൽ ഉദ്യോഗസ്ഥരുമായി ചർച്ചയും നടന്നിരുന്നു. ചർച്ചയിലെ നിർദേശങ്ങളും അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതിയുടെ ഡിപിആർ എന്നാണ് ലഭിക്കുന്ന സൂചന. തിരുവനന്തപുരം പള്ളിപ്പുറം മുതൽ പള്ളിച്ചൽ വരെ ഒരു ഘട്ടവും, കഴക്കൂട്ടം ഈഞ്ചക്കൽ ബൈപ്പാസ് വഴി കിള്ളിപ്പാലം വരെ മറ്റൊരു ഘട്ടവും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത് (Thiruvananthapuram Metro Rail Project).
മെട്രോയുടെ സാന്നിധ്യത്തിൽ നഗരത്തിൽ പ്രതീക്ഷിക്കുന്ന ഭാവി സാമൂഹിക സാമ്പത്തിക മാറ്റങ്ങളെ കുറിച്ചും ഡിപിആറിൽ വ്യക്തതയുണ്ടാകും. പള്ളിച്ചൽ മുതൽ നെയ്യാറ്റിൻകര വരെയും. ടെക്‌നോസിറ്റി മുതൽ മംഗലപുരം വരെയും. ഈഞ്ചയ്ക്കൽ മുതൽ വിഴിഞ്ഞം വരെയും ഭാവിയിൽ മെട്രോ പദ്ധതി വികസിപ്പിക്കാനാണ് നീക്കം.
4 മാസമായി ഡിപിആർ റിപ്പോർട്ട് തയ്യാറാക്കി വരികയാണ് കെഎംആർഎൽ. പുതിയ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ ശേഷം ആദ്യം ഗതാഗത വകുപ്പിനും തുടർന്ന് ഗതാഗത വകുപ്പ് മുഖേന മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലേക്കും ഡിപിആർ കൈമാറുമെന്നാണ് വിവരം. റിപ്പോർട്ടിൽ സർക്കാർ അനുകൂല തീരുമാനം കൈക്കൊണ്ടാൽ തലസ്ഥാനത്തിന്‍റെ ദീർഘനാളത്തെ സ്വപ്‌നമായ മെട്രോയുടെ നിർമാണം ഈ വർഷം തന്നെ ആരംഭിക്കാന്‍ സാധിക്കും.