തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ബജറ്റ് അവതരണത്തിനിടെ ബിജെപി അംഗങ്ങളുടെ ബഹളം. നഗരസഭയുടെ 2024 ബജറ്റ് കരടിന്‍റെ ആമുഖം മേയർ ആര്യ രാജേന്ദ്രൻ വായിക്കുന്നതിനിടെ ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി ഇറങ്ങി പോകുകയായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ പരാമർശിച്ചപ്പോഴാണ് ബിജെപി അംഗങ്ങൾ ഇറങ്ങിപോയത്. ആമുഖ പ്രസംഗത്തിലെ കേന്ദ്രത്തിന്‍റെ സാമ്പത്തിക അവഗണനയും ബിജെപി അംഗങ്ങളെ ചൊടിപ്പിച്ചു. മുദ്രാവാക്യം വിളികളുമായി അംഗങ്ങൾ കൗൺസിൽ ഹാളിന് ചുറ്റും പ്രകടനവും നടത്തി.
തുടർന്നും ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി മേയറുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ബജറ്റിന്‍റെ ആമുഖം മുഴുവനും വായിച്ച ശേഷമാണ് മേയർ പ്രസംഗം അവസാനിപ്പിച്ചത്. ഡെപ്യൂട്ടി മേയർ പി.കെ. രാജുവാണ് ബജറ്റിന്‍റെ കരട് അവതരിപ്പിക്കുക. തുടർന്ന് നാളെയും മറ്റന്നാളുമായി പൊതുചർച്ചയും നടത്തും.