തിരുവനന്തപുരം: തിരുവനന്തപുരം നഗരഹൃദയത്തില്‍ ഒരു ബോട്ട് ക്ലബ്...ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബിനു സമീപം ജവഹര്‍ നഗറില്‍ ഒരു ബോട്ട് ക്ലബ് ഉണ്ടെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നും. ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും ഇന്ന് സ്ഥിതി ദയനീയമാണ്. അതിനാല്‍ നാട്ടുകാര്‍ തന്നെ ഇതിനെ മറന്ന മട്ടാണ്.
2009 ല്‍ 45 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ബോട്ട് ക്ലബ് നിര്‍മ്മിച്ചത്. അന്ന് ടൂറിസം, ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണനായിരുന്നു ഉദ്ഘാടനം ചെയ്‌തത്. ആദ്യ ഒന്നര വര്‍ഷം മികച്ച രീതിയിലാണ് പാര്‍ക്കിന്‍റെ പരിപാലനം നടന്നത്. ബോട്ട് ക്ലബ് നഗരസഭയുടെ കൈവശമെത്തിയതോടെ ഈ അവസ്ഥയിലായി. രണ്ടു പെഡല്‍ ബോട്ടുകളും ഒരു വാട്ടര്‍ ഫൗണ്ടനുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോൾ എല്ലാം വെള്ളത്തിനടിയിലായി.
മന്ത്രിമാരും എംപിമാരും എംഎല്‍എമാരും പ്രഭാത സവാരി നടത്തിയിരുന്ന പാർക്കിന്‍റെ സ്ഥിതിയാണിത്... പലതവണ ജനപ്രതിനിധികളെ കണ്ട് കണ്ടു പരാതികള്‍ കൈമാറിയെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് റസിഡൻസ് അസോസിയേഷൻ പറയുന്നത്. കാട് കയറിയതോടെ സാമൂഹിക വിരുദ്ധരുടെ താവളമാണ് ഈ ബോട്ട് ക്ലബ്.