പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫിസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് എട്ട് ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടിസ് നല്‍കിയത്. മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിർദേശം. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടിസില്‍ പറയുന്നുണ്ട്.
ഞായറാഴ്‌ച ദിവസം പെൻഡിങ് ഉണ്ടായിരുന്ന ഫയല്‍ ജോലികള്‍ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീല്‍സ് എടുത്തതെന്നാണ് പറയപ്പെടുന്നത്. ഇത് ജീവനക്കാരില്‍ ഒരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെ അനുകൂലിച്ചും വിമർശിച്ചും പ്രതികരണങ്ങൾ ഉണ്ടായി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
നഗരസഭയില്‍ പൊതുജനങ്ങള്‍ ഉള്ള സമയത്തും ഓഫിസ് സമയത്തുമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം നിയമലംഘനമാണെന്ന് സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കും. ഓഫിസ് സമയത്തിനു ശേഷമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ പ്രശ്‌നമില്ല. റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനും, പൊതുജനങ്ങള്‍ക്കുള്ള സേവനം തടസപ്പെട്ടുവെങ്കിൽ അതിനും നടപടിയുണ്ടാവുമെന്ന് സെക്രട്ടറി വ്യക്തമാക്കി.
Also Read: ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് മുഖം രക്ഷിക്കാന്‍ ശ്രമം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ