കോഴിക്കോട് : പാളയം കോട്ടപ്പറമ്പ് റോഡിലെ ഇലക്ട്രിക്കൽ കടകളിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്‌ടാവ് കസബ പൊലീസിന്‍റെ പിടിയിൽ. കൊടുവള്ളി കളരാന്തിരി സക്കറിയ (റഷീദ് -41) ആണ് പിടിയിലായത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കോഴിക്കോട് കസബ പൊലീസ് സുൽത്താൻ ബത്തേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ബുധനാഴ്‌ച പുലർച്ചെയാണ് മൂന്ന് ഇലക്ട്രിക്കൽ കടകൾ കുത്തിത്തുറന്ന് 43,000 രൂപയും 12000 രൂപയും വില വരുന്ന മൊബൈൽ ഫോണുകൾ മോഷ്‌ടിച്ചത്. നിലവിൽ സക്കറിയയുടെ പേരിൽ പിടിച്ചുപറി മോഷണം എന്നിവയ്ക്കായി പതിനൊന്ന് കേസുകൾ ഉണ്ടെന്ന് കസബ പൊലീസ് അറിയിച്ചു. ഫെഡ്എക്‌സ് ഇലക്ട്രിക്കൽസ്, കോട്ടപ്പറമ്പ് റോഡിലെ രാജേശ്വർ കേബിൾ ആൻഡ് ഇലക്ട്രിക്കൽസ്, ലഗാരോ ഇന്‍റർനാഷണൽ എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്.
കടയുടമകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. ബുധനാഴ്‌ച രാവിലെ നഗരത്തിൽ സിസിടിവി പൊലീസ് ശേഖരിച്ചിരുന്നു. കസബ എസ്ഐ ജഗമോഹൻ ദത്തൻ, എസ്‌സിപിഒമാരായ സുധർമൻ, സജേഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്‌സിപിഒമാരായ ഷാലു, സുജിത്ത്, എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Also Read: താമരശ്ശേരിയിൽ രണ്ട് സ്ഥാപനങ്ങളിൽ മോഷണം; 2 ലക്ഷം രൂപ കവര്‍ന്നു