കോഴിക്കോട് : സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസെടുത്ത് സീൽ ചെയ്‌ത സ്ഥാപനത്തിൽ മോഷണം. കോഴിക്കോട് പാലാഴിയിലെ ഹൈലൈറ്റ് മാളിന് എതിർവശത്ത് പ്രവർത്തിച്ചിരുന്ന കണ്ണൂർ അർബൻ നിധി കെട്ടിടത്തിലാണ് മോഷണം നടന്നത്.
കഴിഞ്ഞ വർഷമാണ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി കേസെടുത്ത ശേഷം കെട്ടിടം ജില്ല കലക്‌ടറുടെ കസ്‌റ്റഡിയിൽ കൈമാറിയത്. തുടരന്വേഷണത്തിന്‍റെ ഭാഗമായി റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ കെട്ടിടത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ്
കെട്ടിടത്തിന്‍റെ പൂട്ട് തകർന്ന് കിടക്കുന്നതായി കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടത്തിനുള്ളിലെ മുറിയിൽ ഉണ്ടായിരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങളും ചെമ്പ് കമ്പികളും മോഷണം പോയതായി കണ്ടെത്തി. ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഓഗസ്‌റ്റ് 17നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കെട്ടിടത്തിനകത്തെ സാധനങ്ങളുടെ പട്ടിക തയ്യാറാക്കി ജില്ല കലക്‌ടർക്കും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും കൈമാറിയത്. കൂടാതെ കെട്ടിടത്തിൻ്റെ താക്കോൽ പന്തീരാങ്കാവ് പൊലീസിലും ക്രൈംബ്രാഞ്ച് സംഘം ഏൽപ്പിച്ചിരുന്നു. അതിനിടയിലാണ് ഇപ്പോൾ കെട്ടിടത്തിൽ മോഷണം നടന്നത്.
അതേസമയം കെട്ടിടത്തിന്‍റെ താക്കോൽ പന്തീരാങ്കാവ് പൊലീസിന് കൈമാറുമ്പോൾ കെട്ടിടം സീൽ ചെയ്‌തിരുന്നില്ല എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. മാത്രമല്ല കെട്ടിടത്തിൽ കാവൽ ഏർപ്പെടുത്തുന്നതിന് പന്തീരാങ്കാവ് പൊലീസിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇത്ര തിരക്കേറിയ ഭാഗത്ത് കലക്‌ടറുടെ കസ്‌റ്റഡിയിലുള്ള കെട്ടിടത്തിൽ മോഷണം നടന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.