ബന്ദിപ്പൂര്‍: മാനന്തവാടിയില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു.
ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും(Thanneer komban passed away).
ഇന്ന് തന്നെ ആനയുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയ്ക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
വിദഗ്‌ധ പരിശോധനയ്ക്ക് മുമ്പ് തന്നെ ആന ചരിഞ്ഞതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉന്നതതല സംഘം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഴ്‌ചകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. എല്ലാം സുതാര്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
12 മണിക്കൂറോളം മാനന്തവാടിയെ മുള്‍മുനയിൽ നിര്‍ത്തിയ തണ്ണീര്‍ കൊമ്പനെ ഇന്നലെ വൈകിട്ടാണ് മയക്കുവെടി വച്ചത്. ഇന്നലെ രാത്രി തന്നെ കർണാടകയിലേക്ക് കൊണ്ടുപോയി. ആനയെ ആദ്യം ബന്ദിപ്പൂര്‍ വനമേഖലയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു (Mission thanneer komban).
കാട്ടാനയെ മയക്കുവെടി വച്ചശേഷം വനത്തിലേക്ക് മാറ്റാനായി എലിഫന്‍റ് ആംബുലന്‍സിലേക്ക് കയറ്റി. ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ കൊമ്പന്‍റെ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയിലേക്ക് കയറ്റുകയായിരുന്നു.
ആനയുടെ ഇടത് കാലിന്‍റെ ഒരു ഭാഗത്തായി വീക്കമുണ്ടായിരുന്നു. ഇത് പരിക്കാണോ എന്ന് സംശയമുള്ളതിനാൽ ആന ക്യാമ്പിലെത്തിച്ച് രണ്ട് ദിവസം ചികിത്സ നൽകാനായിരുന്നു തീരുമാനം. വെറ്ററിനറി സർജൻമാരെത്തി ആനയെ വിശദമായി പരിശോധിക്കുമെന്നും ഫീൽഡ് ഡയറക്‌ടർ വ്യക്തമാക്കി അറിയിച്ചിരുന്നു. ആനയുടെ ആരോഗ്യം തൃപ്‌തികരമാണെന്ന് ഉറപ്പ് വരുത്തി രണ്ട് ദിവസത്തിന് ശേഷം ആനയെ കാട്ടിലേക്ക് തുറന്നുവിടാനായിരുന്നു തീരുമാനം.
കർണാടക വനമേഖലയിൽ നിന്നാണ് തണ്ണീര്‍ കൊമ്പന്‍ വയനാട്ടിലെത്തിയത്. കർണാടകയിലെ ഹാസൻ ഡിവിഷന് കീഴിൽ കഴിഞ്ഞ ജനുവരി 16-ന് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആന വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങി മണിക്കൂറോളം ഭീതി പടർത്തി.
Also Read: 'മിഷൻ തണ്ണീര്‍ക്കൊമ്പൻ' മാനന്തവാടിയെ ഭീതിയിലാക്കിയ കാട്ടാനയെ മയക്ക് വെടിവച്ചു
ഏറെനേരം നാട്ടുകാരെയും ദൗത്യ സംഘത്തെയും ഭീതിയിലാഴ്‌ത്തിയ ശേഷം പ്രദേശത്തെ വാഴത്തോട്ടത്തിൽ നിലയുറപ്പിച്ച തണ്ണീർ കൊമ്പനെ അനുയോജ്യ സാഹചര്യം ഒത്തുവന്നപ്പോൾ ദൗത്യസംഘം വെടിവച്ചു. വൈകിട്ട് അഞ്ചരയോടെയാണ് കാട്ടാനയ്ക്ക് നേരെ ആദ്യ മയക്കുവെടി വയ്‌ക്കുന്നത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വച്ച മയക്കുവെടി ആനയുടെ പുറക് വശത്താണ് ഏറ്റത്. ഇത് നാലാം തവണയാണ് മാനന്തവാടിയില്‍ ആനയിറങ്ങുന്നത്.