കണ്ണൂര്‍: തലശ്ശേരി-മാഹി ബൈപ്പാസില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് ദേശീയപാത അതോറിറ്റി. കാര്‍, ജീപ്പ്, വാന്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്‌ക്ക് ഒരു ഭാഗത്തേക്കുളള തുക 65 രൂപയില്‍ നിന്നും 75 രൂപയാക്കി വര്‍ധിപ്പിച്ചു. ഇരുഭാഗത്തേക്കുമുള്ള യാത്രക്ക് ഇനി മുതല്‍ 110 രൂപ ടോള്‍ നല്‍കണം.
നേരത്തെ അത് 100 രൂപയായിരുന്നു. ഈ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് പ്രതിമാസ നിരക്ക് (50 യാത്രകള്‍ക്ക്) 2195 രൂപയില്‍ നിന്നും 2440 രൂപയാക്കി ഉയര്‍ത്തി. അതേസമയം ജില്ലയ്‌ക്ക് അകത്ത് രജിസ്‌റ്റര്‍ ചെയ്‌ത വ്യാവസായിക വാഹനങ്ങളുടെ യാത്ര നിരക്ക് 35 രൂപ തന്നെയാണ്.
ടോള്‍ പ്ലാസയില്‍ നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥര്‍ക്കുള്ള പ്രതിമാസ നിരക്ക് 330ല്‍ നിന്നും 340 രൂപയാക്കി ഉയര്‍ത്തി. ലൈറ്റ് കൊമേഷ്യല്‍ വെഹിക്കിള്‍ (എല്‍സിവി), ലൈറ്റ് ഗുഡ്‌സ് വെഹിക്കിള്‍ (എല്‍ജിവി), മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 120 രൂപയാണ് പുതിയ ടോള്‍ നിരക്ക്. നേരത്തെ ഇത് 105 രൂപയായിരുന്നു. ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 160ല്‍ നിന്ന് 175 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. 3545 രൂപയായിരുന്ന പ്രതിമാസ യാത്രകള്‍ക്ക് 3940 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്.
ബസ്, ട്രക്ക് എന്നീ വാഹനങ്ങളുടെ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 225 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തി. രണ്ട് ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 335 രൂപയില്‍ നിന്ന് 370 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. മള്‍ട്ടി ആക്‌സില്‍ വ്യവസായിക വാഹനങ്ങളുടെ ടോള്‍ 245 രൂപയില്‍ നിന്ന് 270 രൂപയായും ഇരുഭാഗങ്ങളിലേക്കുമുള്ളതിന് 365 രൂപയില്‍ നിന്ന് 405 രൂപയുമായാണ് ഉയര്‍ത്തിയിരിക്കുന്നത്.
Also Read: പന്നിയങ്കര ടോള്‍ പ്ലാസ: സ്വകാര്യ ബസുകള്‍ നാളെ മുതല്‍ ടോള്‍ നല്‍കണം; പറ്റില്ലെന്ന് ബസുടമകള്‍