കാസർകോട്: ഇനി കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്തേക്ക്. ദേശീയപാത നിർമാണത്തിന്‍റെ ആദ്യ റീച്ച് ആയ തലപ്പാടി മുതൽ ചെങ്കളവരെ മാർച്ച് 30-നു പൂർത്തിയാകും. 87% പ്രവൃത്തി പൂർത്തിയായതായി ഊരാളുങ്കൽ സൊസൈറ്റി അധികൃതർ അറിയിച്ചു. ഉപ്പള മേല്‍പ്പാലം ആണ് പ്രധാനപ്പെട്ട പ്രവൃത്തിയായി ബാക്കി ഉള്ളത്.
ബാക്കി അവസാന ഘട്ട മിനുക്കു പണികൾ പൂർത്തിയാകുകയാണ്. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഒറ്റത്തൂണ്‍ മേല്‍പ്പാലം ഫെബ്രുവരി 15 ഓടെ യാഥാര്‍ഥ്യമാകും. ദേശീയപാതയിൽ കറന്തക്കാട് അഗ്നിസുരക്ഷാ നിലയം മുതൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ അയ്യപ്പ ക്ഷേത്രം വരെ 1.13 കിലോമീറ്റർ നീളത്തിൽ 28.5 മീറ്റർ വീതിയിൽ 5.5 മീറ്ററിലേറെ ഉയരത്തിലുള്ള 29 സ്‌പാനുകളിലായി പണിതതാണു മേല്‍പ്പാലം. ഒറ്റത്തൂണിൽ പണിത പാലത്തിന്‍റെ കോൺക്രീറ്റ് ഉൾപ്പെടെ 95 ശതമാനം ജോലിയും തീർന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉപരിതലത്തിൽ ഇരുഭാഗത്തും സംരക്ഷിത റെയ്‌ലിങ് കോൺക്രീറ്റ് ജോലി നടക്കുന്നുണ്ട്. തട്ടുകൾ നീക്കിയശേഷം നാഷനൽ ഹൈവേ അതോറിറ്റിയുടെ അനുമതിയോടെയായിരിക്കും ഇതിലൂടെയുള്ള പ്രധാനപാത ഗതാഗതത്തിനു തുറന്നു കൊടുക്കുക. അപ്രോച്ച് റോഡിന്‍റെ പണി പൂർത്തിയാകാനുണ്ട്. അതു കൂടി പൂർത്തിയായി അനുമതി ലഭിച്ചാൽ വാഹന ഗതാഗതം ആരംഭിക്കാനാകും. ഇതോടെ കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
താഴെ വിപുലമായ വാഹന പാർക്കിങ് സൗകര്യം ലഭ്യമാകും. നൈറ്റ് സ്ട്രീറ്റ്, ബാസ്‌ക്കറ്റ്ബോൾ കോർട്ട്, ഉദ്യാനം തുടങ്ങിയവ ഒരുക്കാൻ നിർദേശങ്ങളുണ്ട്. മേൽപാലത്തിനു താഴെ മൂന്ന് സ്‌പാനിനു ഇടയിൽ ഇരുപത്തഞ്ചോളം വാഹനങ്ങൾ പാർക്ക് ചെയ്യാം. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണു തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദേശീയപാത വികസന നിർമാണം നടത്തുന്നത്.
1703 കോടി രൂപയാണു നിർമാണച്ചെലവ്. 45 മീറ്റർ വീതിയിൽ നിർമിക്കുന്ന പാതയിൽ 27 മീറ്റർ വീതിയിലാണ് ആറുവരി പാത. ഓരോന്നിനും 3.5 മീറ്റർ വീതി. സർവീസ് റോഡിൽ ഇരുഭാഗത്തേക്കും വാഹനങ്ങൾക്കു പോകാൻ സൗകര്യമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ആകെ 6.75 മീറ്റർ വീതിയാണു സർവീസ് റോഡിന്.
കേരള അതിർത്തിയായ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാത വികസനത്തിലെ ആദ്യ റീച്ചിന് 39 കിലോമീറ്റര്‍ നീളമാണുളളത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ കൺസ്ട്രക്ഷന്‍സ് എന്ന കമ്പനിക്കാണ് രണ്ടാം റീച്ചിന്‍റെയും മൂന്നാം റീച്ചിന്‍റെയും നിർമാണ ചുമതല.
Also Read: 'ദേശീയപാത വികസനം അടുത്ത ഏപ്രിൽ മാസത്തോടെ യാഥാർഥ്യമാകും'; മന്ത്രി മുഹമ്മദ് റിയാസ്