തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ ചികിത്സാപിഴവില്‍ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ കുഞ്ഞിന്‍റെ പോസ്‌റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിന്‍റെ മൃതദേഹം വിട്ടു നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി കുഞ്ഞിൻ്റെ പിതാവ് ലിബു പറഞ്ഞു. പത്തോളജിക്കൽ ലാബിലാണ് പോസ്‌റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നത്.
മെയ് 17 നായിരുന്നു കഴക്കൂട്ടം സ്വദേശിയായ ലിബുവിന്‍റെ ഭാര്യ പവിത്രയുടെ എട്ടര മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചത്. തൈക്കാട് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടറുടെ അനാസ്ഥയാണ് കുഞ്ഞിന്‍റെ മരണകാരണമെന്ന് ലിബു ആരോപിച്ചിരുന്നു. കുഞ്ഞിന്‍റെ മൃതദ്ദേഹവും വിട്ടുനൽകിയിരുന്നില്ല. കഴിഞ്ഞ മൂന്നുദിവസമായി കുഞ്ഞിന്‍റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് മോർച്ചറിക്ക് പുറത്ത് കുടുംബം ശവപ്പെട്ടിയുമായി പ്രതിഷേധം നടത്തിയിരുന്നു.
സംഭവത്തിൽ കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിൽ ആശുപത്രിയോട് പൊലീസ് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പത്തോളജിക്കൽ ഓട്ടോപ്‌സി നടപടികൾ ആരംഭിച്ചത്.
Also Read: അന്താരാഷ്‌ട്ര അവയവ കച്ചവടം ; പ്രതി സാബിത്തിനെ കസ്‌റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ്