കോഴിക്കോട് : പഴകിയ വസ്‌ത്രങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവരാണ് നിങ്ങൾ എങ്കിൽ അതിനുള്ള ഉത്തരമാണ് ഗ്രീൻ വേംസ് കുപ്പായം. തുണിമാലിന്യം ശേഖരിക്കുകയും അതിന്‍റെ സാധ്യതകൾ ‘കുപ്പായ’ത്തിലൂടെ പങ്കുവെക്കുകയുമാണ് മാലിന്യസംസ്‌കരണരംഗത്ത് പ്രവർത്തിക്കുന്ന ഗ്രീൻ വേംസ്. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈൻ ആശ്രമത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
ഏത് പഴകിയ വസ്‌ത്രങ്ങളിലും മനോഹരമായ ഡിസൈനുകൾ സൃഷ്‌ടിക്കാം എന്നതാണ് കുപ്പായം എന്ന ക്യാമ്പയിനിലൂടെ പുറത്തെത്തിക്കുന്നത്. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈൻ ആശ്രമത്തിലാണ് പഴകിയ വസ്‌ത്രങ്ങൾ രൂപമാറ്റം വരുത്തി പുതിയ ഡിസൈനുകൾ സൃഷ്‌ടിക്കുന്ന ശില്‌പശാല നടത്തിയത്.
വീടുകളിലുള്ള പഴയ വസ്‌ത്രങ്ങൾ ഒഴിവാക്കാൻ പ്രയാസം നേരിടുന്നവർക്ക് ഈ ആശയം ഏറെ ഗുണപ്രദമാണ്. ചെറിയരൂപ മാറ്റത്തിലൂടെ മനോഹരമായ സൃഷ്‌ടികളായി ഈ വസ്‌ത്രങ്ങൾ മാറ്റിയെടുക്കാം. കൂടാതെ ബാഗുകളും, പുസ്‌തകങ്ങളുടെ പുറം ചട്ടകളും, പേഴ്സുകളും, കരകൗശല വസ്‌തുക്കളും എല്ലാം ഇത്തരം വസ്‌ത്രങ്ങളിലൂടെ നിർമിക്കാനാകും എന്നതും ഇതിന്‍റെ പ്രത്യേകതയാണ്.
വസ്‌ത്ര മാലിന്യങ്ങളിലൂടെയുള്ള പ്രതിസന്ധിക്ക് ഒരു പരിഹാരം കാണുക എന്നതാണ് കുപ്പായത്തിലൂടെ ലക്ഷ്യമിടുന്നത്. നിരവധി പേരാണ് കുപ്പായം ശില്‌പശാലയും പ്രദർശനവും കാണാൻ എത്തിയത്. വസ്‌ത്ര ഡിസൈൻ രംഗത്തെ വിദഗ്‌ധരായവർ ശില്‌പശാലയിൽ ക്ലാസ് എടുത്തു. മാലിന്യ സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് ആണ് ശില്‌പശാലയും പ്രദർശനവും സംഘടിപ്പിച്ചത്.