കോഴിക്കോട്: ഒരു കച്ചവടക്കാരന് എങ്ങനെ നല്ലൊരു കർഷകൻ ആകാം എന്ന് ചോദിക്കുന്നവർ ഈ മട്ടുപ്പാവിലേക്ക് ഒന്ന് എത്തി നോക്കിയാൽ മതി, അതിൻ്റെ ഉത്തരം കിട്ടും. മാനസിക സമ്മർദമേറിയ ബിസിനസ് തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഒഴിവുവേളകൾ ഇതുപോലെ ഉപയോഗപ്പെടുത്തിയാൽ ഏതു മട്ടുപ്പാവും വിളസമൃദ്ധമാകും.
മാവൂരിലെ ഹാർഡ് വെയർ വ്യാപാരിയായ നാസർ മാവൂരാൻ്റെ മൂത്തേടത്ത് കുഴിയിലെ വീടിന് മുകളിലാണ് പച്ചക്കറികൾ സമൃദ്ധമായി വിളയുന്നത്. ചൂട് സഹിക്കാൻ പറ്റാതായതോടെ വീടിന് മുകളിൽ പന്തൽ ഇടാമെന്ന ചിന്തയാണ് പിന്നീട് കൃഷിയിലേക്ക് എത്തിച്ചത്. ടെറസിന് മുകളിൽ പച്ചക്കറികൾ തഴച്ചു വളർന്നതോടെ ചൂടും കുറഞ്ഞു, ഒപ്പം അടുക്കളയിലേക്ക് ആവശ്യമുള്ള പച്ചക്കറികളും ലഭ്യമായി.
വെണ്ടയും പാവലും പടവലവും തക്കാളിയും പയറും വിവിധതരം വഴുതനകളുമടക്കം എല്ലാ കൃഷികളുമുണ്ട് മട്ടുപ്പാവില്‍. ബിസിനസ് തിരക്കിനിടയിലെ ഒഴിവ് സമയങ്ങളാണ് പരിചരണത്തിന് വിനിയോഗിക്കുന്നത്.
കൃഷി ആരംഭിച്ചതോടെ വീട്ടുകാരും ഏറെ സന്തോഷത്തിലാണ്. ഇനി വിഷം കലരാത്ത, ഗുണമേന്മയുള്ള നല്ല പച്ചക്കറികൾ ഉപയോഗിക്കാമല്ലോ. ഡ്രിപ്പ് സംവിധാനം ഉപയോഗിച്ചാണ് പച്ചക്കറി തൈകൾ നനയ്‌ക്കുന്നത്. കൃത്യമായ പരിചരണത്തിന്‍റെ കരുത്തിൽ എല്ലാം വിളവെടുപ്പിന് പാകമായിട്ടുണ്ട്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതിന് പുറമേ വീട്ടിലെത്തുന്ന സുഹൃത്തുക്കൾക്കും പച്ചക്കറികൾ സമ്മാനമായി നൽകും.
എല്ലാവരും ഇത്തരത്തിൽ എന്തെങ്കിലും ഒരു കൃഷിയിലേക്ക് ഇറങ്ങണം എന്നാണ് നാസർ മാവൂരാൻ്റെ അഭിപ്രായം. വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ പച്ചക്കറികളും സ്വന്തമായി തന്നെ ഉത്പാദിപ്പിക്കാം എന്നതിലുപരി ഇന്നത്തെ കാലത്ത് നല്ലൊരു മാനസിക ഉല്ലാസം കൂടിയാണ് കാര്‍ഷിക വൃത്തിയെന്നുമാണ് ഇദ്ദേഹത്തിൻ്റെ അനുഭവ സാക്ഷ്യം.
Also Read: സര്‍ക്കാര്‍ ജോലിയ്ക്കായുള്ള കാത്തിരിപ്പിനൊപ്പം കൃഷി; ഈ ചെറുപ്പക്കാര്‍ വേറെ ലെവലാണ്