കാസർകോട്: കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശി പിഎ സലീമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. മോഷണമായിരുന്നു ലക്ഷ്യം. മോഷണത്തിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ടു പോവുകയായിരുന്നുവെന്നും സലീം പൊലീസിനോട് പറഞ്ഞതായാണ് വിവരം.
അതേസമയം, പ്രതി പിടിയിലായത് ആന്ധ്രാപ്രദേശിലെ അഡോണി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ്. ഇവിടെ നിന്ന് കർണാടകയിലേക്ക് പോകാനായിരുന്നു പദ്ധതി. ഏഴ് വ്യത്യസ്‌ത ഫോണിൽ നിന്ന് പ്രതി ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു. മദ്യപിച്ച് വഴിയിൽ കിടന്നയാളിന്‍റെ ഫോണിൽ നിന്നാണ് ആദ്യം വീട്ടിലേക്ക് വിളിച്ചത്.
കൃത്യം നടന്ന ദിവസവും ഇന്നലെ പിടിയിലായ ദിവസവും ധരിച്ചത് ഒരേ വസ്ത്രമാണ്. കർണാടകയിലെ റായ്‌ചൂരിലുള്ള പെൺ സുഹൃത്തിന്‍റെ അരികിലേക്ക് പോകാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനിടയിലാണ് പിടിയിലാകുന്നത്. ഇന്നലെ രാത്രിയാണ് സലീമിനെ ആന്ധ്രാപ്രദേശിൽ നിന്നും കാസർകോട് എത്തിച്ചത്.
ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും. തുടർന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.
സലീമിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചത്.
സലീമിനായി കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മെയ് 15 നാണ് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്.
കുട്ടിയുടെ കുടുംബത്തെക്കുറിച്ചും പ്രദേശത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ളയാളാണ് പ്രതിയെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതൽ അന്വേഷണസംഘം. മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ALSO READ: അന്താരാഷ്‌ട്ര അവയവക്കച്ചവടം; സംഘത്തിലെ ഒരാൾ കൂടി പിടിയില്‍ - Organ Trafficking Case