കാസർകോട് : കാഞ്ഞങ്ങാട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പിടിച്ചതിന്‍റെ സന്തോഷത്തിൽ പൊലീസുകാർക്ക് നാട്ടുകാരിയുടെ പായസം വിതരണം. ശോഭന എന്ന സ്ത്രീയാണ് പായസം വിതരണം ചെയ്‌തത്. പീഡനക്കേസിൽ
അറസ്റ്റിലായ പ്രതി പി എ സലീമിനെ റിമാന്‍ഡ് ചെയ്‌തു.
കാസർകോട് കാഞ്ഞങ്ങാട്ട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി സലീമുമായി പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോൾ വലിയ ജനരോഷം ഉയർന്നിരുന്നു. ആന്ധ്രയിലെ അഡോണിയിൽ വച്ച് അന്വേഷണ സംഘം പിടികൂടിയ സലീമിനെ ഇന്നലെ രാത്രി കാഞ്ഞങ്ങാട് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആദ്യ ചോദ്യംചെയ്യലിൽ തന്നെ കുറ്റം സമ്മതിച്ചു.
മോഷണമായിരുന്നു ലക്ഷ്യമെന്നും കുട്ടി പ്രതിരോധിച്ചതോടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് സലീം പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതിക്ക് നേരെ ജനരോഷം അണപൊട്ടി. സ്വന്തമായി ഫോണുപയോഗിക്കാത്ത സലീം ആന്ധ്രയിൽ നിന്ന് മറ്റൊരു ഫോണിൽ ബന്ധുക്കളെ ബന്ധപ്പെട്ടതാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്.
ആന്ധ്രയിൽ നിന്ന് കർണാടകയിലുള്ള പെൺസുഹൃത്തിന്‍റെ അടുത്തേക്ക് പോകാനായിരുന്നു ശ്രമം. കർണാടക കുടക് സ്വദേശിയായ സലീം 14 വർഷം മുൻപാണ് കാഞ്ഞങ്ങാട് എത്തുന്നത്. അതിക്രമത്തിനിരയായ പെൺകുട്ടിയുടെ വീടിനടുത്താണ് സലീമിന്‍റെ ഭാര്യ വീട്.
ചോദ്യം ചെയ്യലിൽ മുൻപ് പ്രദേശത്ത് നടത്തിയ മോഷണങ്ങളെ പറ്റിയും സലീം പൊലീസിനോട് വെളിപ്പെടുത്തി. ഇതോടെ സലീമിനെതിരെ രണ്ടു കേസുകൾ കൂടി ഹോസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്‌തു.
Also Read: കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബലാത്സംഗക്കേസിലെ പ്രതി ബെംഗളൂരുവിൽ നിന്ന് പിടിയിൽ