കാസർകോട്: കൊവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ രോഗികൾക്ക് ഏറെ ആശ്രയമായിരുന്ന ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്‌നറുകൾ ചായക്കടയും കാട്ടിലെ വിശ്രമകേന്ദ്രവും കോഫി കഫേയും ഗോഡൗണായും മാറും.
കോടികൾ മുടക്കിയാണ് അന്ന് ചട്ടഞ്ചാലിൽ ആശുപത്രി പണിത്. എന്നാൽ ഇപ്പോൾ ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചതോടെ ഇവിടെയുള്ള കണ്ടെയ്‌നറുകൾ പൊളിച്ചു നീക്കാൻ തീരുമാനിക്കുകയായിരുന്നു.
60 കോടിയിലേറെ മുടക്കിയ ആശുപത്രി പൊളിച്ചു നീക്കുന്നതിന്‍റെ മാനക്കേട് ഒഴിവാക്കാൻ കൂടിയാണ് പൊളിക്കുന്ന കണ്ടെയ്‌നറുകൾ ഉപയോഗപ്പെടുത്താൻ അധികൃതർ പുതിയ വഴി കണ്ടെത്തിയത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിന് കെട്ടിടം പണിയുന്നതിന് നിർമാണ സ്ഥലത്തെ 24 കണ്ടെയ്‌നറുകളാണ് ആദ്യഘട്ടത്തിൽ മാറ്റുന്നത്.
ജില്ലാ നിർമിതി കേന്ദ്രം 4, ഹാർബർ എൻജിനീയറിങ് വകുപ്പ് 10, ഡിടിപിസി 4, വനംവകുപ്പ് 2, മത്സ്യഫെഡ് 4 എന്നിങ്ങനെ കണ്ടെയ്‌നറുകൾ ഇവിടെ നിന്ന് പൊളിച്ചു കൊണ്ടുപോകും.
ജില്ലാ നിർമിതി കേന്ദ്രം, ദേശീയപാതയോരത്ത് ടേക് എ ബ്രേക്ക് സ്‌റ്റാൾ, ബീച്ചിൽ സ്‌നാക് സ്‌റ്റാൾ എന്നിവ തുടങ്ങും. മത്സ്യഫെഡിന് ലഭിക്കുന്ന 4 എണ്ണം വിവിധ ഓഫിസ് ആവശ്യത്തിനും സാധനങ്ങൾ സൂക്ഷിക്കാനും ഉപയോഗിക്കും.
വനംവകുപ്പിന് ലഭിക്കുന്ന 2 എണ്ണം കാട്ടിൽ വനപാലകരുടെ വിശ്രമത്തിന് ഉപയോഗിക്കും. ഡിടിപിസിക്ക് ലഭിക്കുന്ന 4 എണ്ണം ചെമ്പിരിക്ക, അഴിത്തല, തുടങ്ങിയ ബീച്ചുകളിൽ കോഫി കഫേ തുടങ്ങുന്നതിനും ഉപയോഗിക്കും.
ആശുപത്രിയുടെ വികസനം ചർച്ച ചെയ്യുന്നതിനായി സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ക്രിട്ടിക്കൽ കെയർ നിർമിക്കുന്ന സ്ഥലത്തുള്ള കണ്ടെയ്‌നറുകൾ മാറ്റി ആവശ്യമുള്ള സർക്കാർ വകുപ്പുകൾക്കു നൽകാൻ തീരുമാനിച്ചത്. ഇതുപ്രകാരം ലഭിച്ച അപേക്ഷകൾ മരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പരിശോധിച്ച ശേഷമാണ് അനുവദിച്ചത്.
കണ്ടെയ്‌നറുകൾ കൊണ്ടുപോകുന്നതിനുള്ള ചെലവ് അതതു വകുപ്പുകൾ വഹിക്കും. 3 ബ്ലോക്കുകളിലായി 128 കണ്ടെയ്‌നറുകളാണ് കൊവിഡ് ആശുപത്രിക്കായി ആകെ ഉപയോഗിച്ചിട്ടുള്ളത്. സർക്കാർ ആവശ്യം കഴിഞ്ഞാൽ കണ്ടെയ്‌നറുകൾ സ്വകാര്യ വ്യക്തികൾക്കും ടെൻഡർ ചെയ്‌തു നൽകും.
2020 ഒക്‌ടോബറിലാണ് ടാറ്റാ ആശുപത്രി പ്രവർത്തനം തുടങ്ങിയത്. റോഡ്, വൈദ്യുതി എന്നിവയ്ക്കായി 12 കോടി രൂപയോളം സർക്കാരും ചെലവഴിച്ചു. കൊവിഡ് കഴിഞ്ഞതോടെ ആശുപത്രി പൂട്ടിക്കിടക്കുകയായിരുന്നു. ഇതിനു പകരമാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി ആയുഷ്‌മാൻ ഭാരത്- ഹെൽത്ത് ഇൻഫ്രാസ്ട്രക്‌ചർ മിഷൻ (പിഎംഎബി-എച്ച്ഐഎം) പ്രകാരം 23.75 കോടി രൂപയാണ് ഇതിനു ചെലവഴിക്കുന്നത്. 3 നിലകളിൽ 45,000 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ് നിർമിക്കുക.
ഐസിയു, ട്രോമാ കെയർ, ഓപ്പറേഷൻ തീയറ്റർ, കാഷ്വാലിറ്റി തുടങ്ങിയവ ഉണ്ടാകും. ഇതിനു പുറമേ എൻഎച്ച്എം ഫണ്ടിൽ നിന്ന് ഒപി ബ്ലോക്ക് നിർമ്മിക്കും. ജില്ലാ പഞ്ചായത്തിന്‍റെ കീഴിൽ ജില്ലാ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായിട്ടാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ് പ്രവർത്തിക്കുക.
Also Read: മഴ പെയ്‌താല്‍ ആര്യങ്കോട് ആശുപത്രി വെള്ളത്തിൽ; ബുദ്ധിമുട്ടിലായി ഡോക്‌ടർമാരും രോഗികളും