കാസർകോട് : കൊവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് നിന്നപ്പോൾ കേരളത്തെ ചേർത്തു പിടിച്ചിട്ടുണ്ട് ടാറ്റ ഗ്രൂപ്പ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ടാറ്റയുടെ കൊവിഡ് ആശുപത്രി. ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തര ഘട്ടങ്ങളില്‍ ടാറ്റ ഗ്രൂപ്പ് ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായി കാസര്‍കോടാണ് ചെയ്‌തത്.
ടാറ്റ ട്രസ്റ്റിൻ്റെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തെക്കിൽ വില്ലേജിലെ സ്ഥലത്ത് ആറ് ബ്ലോക്കുകളിയായി 128 പ്രീഫാബ്രിക്കേറ്റഡ് സ്ട്രച്ചറിലുള്ള കണ്ടെയ്‌നറുകൾ പണിത് കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള ആശുപത്രി ആരംഭിച്ചത്. 2020 ഒക്‌ടോബറിലാണ് ടാറ്റ ആശുപത്രി പ്രവർത്തനം തുടങ്ങിയത്. റോഡ്, വൈദ്യുതി എന്നിവയ്ക്കായി 12 കോടി രൂപയോളം സംസ്ഥാന സർക്കാരും ചെലവഴിച്ചു.
ടാറ്റ കൊവിഡ് ആശുപത്രി, ടാറ്റ ഗ്രൂപ്പ് പ്രതിനിധികളില്‍ നിന്നും അന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ല കലക്‌ടര്‍ ഡോ. ഡി സജിത് ബാബുവാണ് ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്‌തു. കൊവിഡിൻ്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയായിരുന്നു കാസര്‍കോട്.
ആരോഗ്യ രംഗത്ത് പിന്നാക്കമുള്ള ജില്ലയായത് കൊണ്ട് തന്നെ കൊവിഡ് പടർന്നു പിടിച്ചപ്പോൾ ജനങ്ങൾ ആശങ്കയിലായി. ചികിത്സയ്ക്ക് മംഗലാപുരത്തെ ആശ്രയിച്ചിരുന്ന കാസർകോടുകാർക്ക് മുന്നിൽ കർണാടക ഗേറ്റ് അടച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുപോകുകയായിരുന്നു. അവിടെയാണ് ടാറ്റ ഗ്രൂപ്പിൻ്റെയും സർക്കാരിൻ്റെയും ചേർത്തുപിടിക്കൽ ഉണ്ടായത്.
ടാറ്റ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്‌തൃതിയിൽ പ്രീഫാബ്രിക്കേഷൻ സാങ്കേതിക വിദ്യയിൽ 125 കണ്ടെയ്‌നറുകൾ ഉപയോഗിച്ചു പണിതതാണ് ആശുപത്രി. 4987 പേരെ ഇവിടെ ചികിത്സിച്ചിട്ടുണ്ട്. 60 കോടി മുടക്കി നിർമിച്ച ടാറ്റ കൊവിഡ് ആശുപത്രിക്ക് 30 വർഷത്തെ ആയുസും കണക്കാക്കിയിരുന്നു.
എന്നാൽ വർഷങ്ങൾക്കിപ്പുറം സാങ്കേതിക കാരണങ്ങളാൽ ആശുപത്രി പൊളിച്ചു നീക്കാൻ സർക്കാർ തീരുമാനം എടുക്കുകയായിരുന്നു. കൊവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ രോഗികൾക്ക് ഏറെ ആശ്രയമായിരുന്നു ഈ ആശുപത്രി. എന്നാൽ ഈ ആശുപത്രി കണ്ടെയ്‌നറുകൾ ചായക്കടയും കാട്ടിലെ വിശ്രമകേന്ദ്രവും കോഫി കഫേയും ഗോഡൗണുമൊക്കെയായി മാറുമെന്നാണ് ഏറ്റവും ഒടുവിൽ അറിയാൻ കഴിഞ്ഞത്. ഒരുപക്ഷെ അന്ന് ടാറ്റ ഗ്രൂപ്പ് ചേർത്തു പിടിച്ചില്ലായിരുന്നുവെങ്കിൽ കൊവിഡ് കാലത്ത് നിരവധി ജീവനുകൾ നഷ്‌ടപ്പെട്ടേനെ.
മൂന്ന് സോണുകള്‍, 551 കിടക്കകള്‍ : ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിരുന്നത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കൊവിഡ് ക്വാറൻ്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കൊവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസൊലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കിയത്.
സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉണ്ടായിരുന്നത്. 128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുണ്ടായിരുന്നു. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ടായിരുന്നു. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മിച്ചത്.
Also Read: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു