തൃശൂര്‍: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം. ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതീകാത്മക പൂരത്തിൽ പെരുവനം കുട്ടന്‍ മാരാർ മേളപ്രമാണിയായി.
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച പുതിയ മാർഗ നിർദേശങ്ങൾ മൂലം പൂരം നടത്തുന്നത് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ പൂര കമ്മറ്റികൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി ഇന്ന് വൈകീട്ട് തൃശ്ശൂരിൽ ആചാര സംരക്ഷണ കൂട്ടായ്‌മയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തോടെയുള്ള പഞ്ചാരി മേളയായിരുന്നു ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം. വിഷയത്തിൽ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ആവശ്യപ്പെട്ടു.
ഉത്രാളിക്കാവ് ക്ഷേത്രത്തിൽ പൂരം കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കോഡിനേഷൻ കമ്മിറ്റി പ്രമേയം പാസാക്കി.