ഇടുക്കി: കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ തൂക്കുപാലം വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. തൂക്കുപാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വീണ്ടും നാട്ടുകാര്‍ രംഗത്ത്. ജലാശയത്തിന് കുറുകെ തൂക്കുപാലം നിര്‍മിച്ചാല്‍ അത് കല്ലാര്‍കുട്ടിയുടെയും സമീപ മേഖലകളിലെയും വിനോദ സഞ്ചാര സാധ്യതയ്‌ക്ക് വലിയ കരുത്താകുമെന്നും നാട്ടുകാര്‍ പറയുന്നു.
ഇതിനൊപ്പം നായ്ക്കുന്ന് മേഖലയിലെ ആളുകള്‍ക്ക് കല്ലാര്‍കുട്ടിയിലേക്ക് സുഗമമായി എത്താനുള്ള മാര്‍ഗവുമൊരുങ്ങും. നിലവില്‍ കടത്തുവള്ളത്തെ ആശ്രയിച്ചാണ് നാട്ടുകാരുടെ യാത്ര. കുട്ടികളും പ്രായമായവരും സ്ത്രീകളുമൊക്കെ ജലാശയത്തിന് കുറുകെ യാത്ര ചെയ്യുന്നത് ഈ വള്ളത്തില്‍ കയറിയാണ്.
മഴക്കാലത്ത് യാത്ര കൂടുതല്‍ ക്ലേശകരമാകും. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ കുട്ടികളടക്കം ഇത്തരത്തില്‍ യാത്ര ചെയ്യുന്നു. കാല്‍നട യാത്ര സാധ്യമാകും വിധം ജലാശയത്തിന് കുറുകെ തൂക്കുപാലം നിര്‍മിച്ചാല്‍ യാത്ര ക്ലേശത്തിന് പരിഹാരമാകുമെന്ന് ജനങ്ങള്‍ പറയുന്നു.
ഇഞ്ചത്തൊട്ടിയിലും കാഞ്ഞിരവേലിയിലും അയ്യപ്പന്‍ കോവിലിലുമൊക്കെ നിര്‍മിച്ചിട്ടുള്ള പാലങ്ങളുടെ മാതൃകയില്‍ കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെയും തൂക്കുപാലം നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടും തുടര്‍ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ദുരിത യാത്രയ്‌ക്ക് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Also Read: അനധികൃത ഭൂ ഇടപാടുകളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്ക്; ആരോപണവുമായി അതിജീവന പോരാട്ട വേദി