പത്തനംതിട്ട : സസ്‌പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥനോട്, ആഭ്യന്തര അന്വേഷണത്തിന്‍റെ ഭാഗമായി ഹാജരാകാൻ ഡിവൈഎസ്‌പി ആവശ്യപ്പെട്ടപ്പോള്‍ 7 മാസമായി ശമ്പളം തരാത്തതിനാൽ എത്താനാകില്ലെന്ന് മറുപടി. ആറന്മുള സ്റ്റേഷനിലെ സിപിഒയും കോഴിക്കോട് ഫറോക്ക് സ്വദേശിയുമായ യു ഉമേഷാണ് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് ഇത്തരത്തിൽ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് ഇയാള്‍ സസ്‌പെൻഷനിലാണ്.
7 മാസമായി ശമ്പളം തരാത്തതിനാല്‍ അങ്ങയുടെ ഓഫിസില്‍ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാല്‍ എത്താന്‍ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂര്‍വം ബോധിപ്പിച്ചുകൊള്ളുന്നു എന്നതായിരുന്നു ഇയാളുടെ മറുപടി. അതിന്‍റെ സ്‌ക്രീന്‍ഷോട്ട് അദ്ദേഹം തന്‍റെ ഫേസ്‌ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്‌തു.
അങ്കമാലിയില്‍ ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്‌പിയെയും കൂട്ടിന് പോയ മൂന്ന് പൊലീസുകാരെയും പിടികൂടിയ സംഭവത്തില്‍, ഉമേഷ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നേരിട്ട് കത്തെഴുതുകയും ഫേസ്‌ബുക്കില്‍ കുറിപ്പിടുകയും ചെയ്‌തു. അതിനുപിന്നാലെ ഈ മാസം ആദ്യമാണ് ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്‌തത്.
തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായുള്ള വാച്യാന്വേഷണത്തിനായി 25ന് ഹാജരാകാനാണ് ഉമേഷിന് നോട്ടിസ് നല്‍കിയത്. പ്രത്യേക ദൂതന്‍ വഴി കോഴിക്കോടേയ്ക്ക് നോട്ടീസ് കൊടുത്തയയ്ക്കുകയായിരുന്നുവെന്ന് ഉമേഷ് പറയുന്നു. ദൂതന്‍റെ രണ്ട് ദിവസത്തെ ശമ്പളം, ടി.എ. എന്നിവ മാത്രം കണക്കാക്കിയാല്‍ സര്‍ക്കാരിന് ആറായിരം രൂപയിലധികം ചെലവാണെന്ന് ഉമേഷ് ചൂണ്ടിക്കാണിക്കുന്നു. മറുപടിയും നോട്ടീസില്‍ തന്നെ എഴുതിക്കൊടുത്തു. പറഞ്ഞത് സത്യം മാത്രമാണെന്നും നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ എഴുതേണ്ടി വന്നതെന്നും ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചു.