തൃശൂര്‍: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഇതിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 4) വൈകിട്ട് അഞ്ച് മണിക്ക് റോഡ് ഷോ നടത്തി. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുരേഷ് ഗോപി ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലെത്തി.
തുടര്‍ന്ന് സ്വരാജ് റൗണ്ട് ചുറ്റി റോഡ് ഷോയും സംഘടിപ്പിച്ചു. നിരവധി പേര്‍ പങ്കെടുത്ത റോഡ് ഷോ വൈകിട്ട് കോര്‍പ്പറേഷന് മുന്നിലാണ് സമാപിച്ചത്. തൃശൂരില്‍ യുദ്ധമല്ല മത്സരമാണ് നടക്കാന്‍ പോകുന്നതെന്ന് സുരേഷ് ഗോപി. ഇവിടെ പോരാളികളാണുള്ളത്.
പോരാളികള്‍ തമ്മിലുള്ള മത്സരമാണ്. മത്സരത്തില്‍ ഒരു വിജയിയുണ്ടാകും. ആ വിജയിയായി തൃശൂര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയ്‌ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.