ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് പരിഹാരം തേടി അധിക കടമെടുപ്പിന് വേണ്ടി കേരളം സമർപ്പിച്ച ഇടക്കാല ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിട്ടു. കടമെടുപ്പ് പരിധിയിൽ കേരളത്തിന്‍റെ ഹർജിയിൽ കേന്ദ്ര സർക്കാരിന്‍റെ പ്രാഥമിക വാദങ്ങളിൽ കഴമ്പുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് വിശദമായി പരിഗണിയ്‌ക്കേണ്ട വിഷയമാണ്. അതിനാല്‍ വിപുലമായ ബെഞ്ചാണ് ഉചിതം. ഹർജി ഭരണഘടനാ ബെഞ്ചിന് കൈമാറുകയാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ഭരണഘടനയുടെ 293-ാം അനുച്‌ഛേദവുമായി ബന്ധപ്പെട്ടതാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വരുന്ന ഭാഗം. ഈ ഭാഗം ഇതുവരെ കോടതിയിൽ ചോദ്യംചെയ്യപ്പെട്ടിട്ടില്ല. ഇതിനാലാണ് ഭരണഘടന ബെഞ്ചിന് വിടുന്നതായി ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയത്.
കേരളത്തിന് ഉടൻ അധിക കടം എടുക്കാനാവില്ല എന്നും കോടതി നിലപാടെടുത്തു. അഞ്ചംഗ ബെഞ്ചാവും ഇനി കേസ് പരിഗണിയ്‌ക്കുക. കേരളം ഉന്നയിച്ചത് ഭരണഘടന വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തി. കേരളത്തിന് ഇടക്കാല ആശ്വാസം നല്‍കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി പറഞ്ഞു.
കേരളവും കേന്ദ്രവും തമ്മിൽ ചര്‍ച്ച നടത്തിയപ്പോള്‍ 13,600 കോടി കേരളത്തിന് നൽകാൻ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഹര്‍ജി തളളാതെ പരിഗണിക്കുന്നു എന്നത് മാത്രമാണ് കേരളത്തിന് ആശ്വാസകരമായുളളത്. എന്നാൽ ഭരണഘടനാ ബെഞ്ചിന് വിട്ടതിനാൽ കേസില്‍ ഉടൻ വിധിയുണ്ടാകില്ല എന്നത് വ്യക്തമാണ്.
പശ്ചാത്തലം:
കേരളം കിഫ്‌ബി വഴിയെടുക്കുന്ന വായ്‌പ കടമെടുപ്പ് പരിധിയിൽ വരണം, ധനകാര്യ കമ്മിഷൻ വായ്‌പാ പരിധി നിശ്ചയിക്കുന്ന രീതി ശരിയല്ല തുടങ്ങി കേന്ദ്രം ഉന്നയിക്കുന്ന വിഷയങ്ങൾ ചോദ്യം ചെയ്‌താണ് കേരളം സുപ്രീംകോടതിയിൽ ഇടക്കാല ഹർജി നൽകിയത്.
പതിനായിരം കോടി രൂപ കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നാണ് കേരളത്തിന്‍റെ ആവശ്യം. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്.
ഈ വിഷയം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതും ഭരണഘടനയെ ബാധിക്കുന്നതും ആയതിനാലാണ് കേരളത്തിന്‍റെ ഹർജി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങൾക്കും എത്ര കടമെടുക്കാമെന്ന് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
പതിനാലാം ധനകാര്യ കമ്മിഷൻ ശുപാർശ കാലയളവിൽ അനുവദിച്ച ചില തുകകൾ അധികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തിന് ഈ ധനകാര്യ കമ്മിഷൻ കാലയളവിൽ 21,000 കോടി വായ്‌പാ പരിധി വെട്ടിക്കുറച്ചത്. എന്നാൽ പെൻഷനടക്കം നൽകുന്നതിന് 10000 കോടി രൂപ അടിയന്തരമായി അനുവദിക്കണം എന്നതായിരുന്നു ഇതിനെതിരായുള്ള കേരളത്തിന്‍റെ ആവശ്യം. എന്നാൽ ഈ ആവശ്യം സുപ്രീംകോടതി തള്ളി. കോടതി ഇടപെട്ട് 13,608 കോടി രൂപ കടമെടുക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിന് കഴിഞ്ഞെന്നും സംസ്ഥാനം കൂടുതൽ കടമെടുത്താൽ വരും വർഷങ്ങളിൽ കേന്ദ്രത്തിന് കടമെടുപ്പിൽ കുറവ് വരുത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.