തിരുവനന്തപുരം: ഓണത്തിന് കഷ്‌ടിച്ച് ഒരു മാസം മാത്രം അവശേഷിക്കേ വിപണി ഇടപെടലിന് ആവശ്യമായ അവശ്യ വസ്‌തുക്കള്‍ സംഭരിക്കാന്‍ ധനവകുപ്പ് പിന്തുണ നല്‍കുന്നില്ലെന്നാരോപിച്ച് സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോ. ധനവകുപ്പ് സപ്ലൈകോയെ പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്നും കുടിശിക നല്‍കാനുള്ള തുക അനുവദിക്കുന്നില്ലെന്നും ആരോപിച്ച് സപ്ലൈകോ രംഗത്തുവന്നു. സപ്ലൈകോയുടെ കഴുത്തു ഞെരിക്കുന്ന ധന വകുപ്പിന്‍റെ നടപടിക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വത്തെയും എല്‍ഡിഎഫ് നേതൃത്വത്തെയും സമീപിക്കാന്‍ ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഒരുങ്ങുന്നതായാണ് സൂചന.
225 കോടി രൂപ സപ്ലൈകോയ്‌ക്ക് അടിയന്തരമായി അനുവദിച്ചതായി അറിയിച്ചുകൊണ്ട് ഇന്ന് ധനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് ഇതോടെ സപ്ലൈകോയ്‌ക്ക് അധികമായി അനുവദിച്ചതെന്നും 205 കോടി രൂപ മാത്രമാണ് വിപണി ഇടപെടലിന് ഇക്കൊല്ലം സപ്ലൈകോയ്‌ക്ക് ബജറ്റില്‍ നീക്കി വച്ചിരുന്നതെന്നും ഇതിനകം 325 കോടി രൂപ അനുവദിച്ചെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
എന്നാല്‍ 120 കോടി രൂപ സപ്ലൈകോയ്‌ക്ക് അധികമായി നല്‍കിയെന്ന ധന വകുപ്പിന്‍റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സപ്ലൈകോ അധികൃതര്‍ ആരോപിച്ചു. സപ്ലൈകോയ്‌ക്ക് കുടിശിക ഇനത്തില്‍ മാത്രം ഇതുവരെ സര്‍ക്കാര്‍ നല്‍കാനുള്ളത് 2500 കോടി രൂപയാണ്. നെല്ല് സംഭരിച്ച വകയില്‍ മാത്രം കുടിശിക 1000 കോടിയാണ്. നെല്ല് സംഭരണത്തിനുള്ള വാഹന വാടക ഇനത്തില്‍ നല്‍കാനുള്ളത് 50 കോടിയാണ്. റേഷന്‍ സാധനങ്ങളുടെ നീക്കവുമായി ബന്ധപ്പെട്ടുള്ള വാഹന വാടക 117 കോടി രൂപയാണ്.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സാധനങ്ങള്‍ എത്തിച്ച വകയില്‍ വാഹന വാടക കുടിശിക 160 കോടി രൂപയാണ്. ഇതിന് പുറമെ വിപണി ഇടപെടലിനുള്ള അവശ്യ സാധനം വാങ്ങിയ വകയില്‍ കച്ചവടക്കാര്‍ക്ക് നല്‍കാനുള്ള കുടിശികയാകട്ടെ 600 കോടി. ഈ 600 കോടി രൂപ കൊടുത്തു തീര്‍ക്കാതെ ഒരു രൂപയുടെ സാധനം സപ്ലൈ ചെയ്യില്ലെന്നാണ് കച്ചവടക്കാര്‍ അറിയിച്ചിട്ടുള്ളത്. ഈ 600 കോടിയുടെ അടിയന്തര ആവശ്യം നിലനില്‍ക്കെയാണ് വെറും 225 കോടി രൂപ മാത്രം അനുവദിക്കുകയും 120 കോടി രൂപ അധികമായി അനുവദിച്ചുവെന്ന് കണക്കുകള്‍ നിരത്തി ധനവകുപ്പ് സമര്‍ഥിക്കുയും ചെയ്യുന്നതെന്നാണ് സപ്ലൈകോ പറയുന്നത്.
ഇത് തെറ്റിദ്ധരിപ്പിക്കുന്നതെന്നാണ് സപ്ലൈകോയുടെ വാദം. നെല്ല് സംഭരണം, സ്‌കൂള്‍ ഉച്ചക്കഞ്ഞി വിതരണം, റേഷന്‍ വിതരണം, നിത്യോപയോഗ സാധനങ്ങളുടെ വിപണി ഇടപെടല്‍ എന്നിവയെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സപ്ലൈകോ ഏറ്റെടുത്തു നടത്തുന്നതാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കി കഴിയുമ്പോള്‍ ആ ബാധ്യത സപ്ലൈകോയുടെ തലയില്‍ കെട്ടിവച്ച ശേഷം കൂടുതല്‍ പണം അനുവദിച്ചുവെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇത് ഓണ വിപണി ഇടപെടല്‍ തകിടം മറിക്കാനാണെന്നും പേര് വെളിപ്പെടുത്താനാകാത്ത ഒരു ഉന്നത സിപിഐ നേതാവ് ഇടിവി ഭാരതിനോട് പറഞ്ഞു.
ഇക്കാര്യം സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുമെന്നും എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി 600 കോടി രൂപ ഇല്ലെങ്കില്‍ ഓണക്കാലത്ത് സര്‍ക്കാരിനായിരിക്കും പഴി കേള്‍ക്കേണ്ടി വരികെയെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഓണക്കാലത്ത് വിലക്കയറ്റം തടയൽ; സപ്ലൈകോയ്‌ക്ക് 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്