കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിലെ മരുന്ന് വിതരണം കച്ചവടക്കാർ നിർത്തിവെച്ചിട്ട് അഞ്ച് ദിവസം പൂർത്തിയാകുന്നു. കഴിഞ്ഞ എട്ട് മാസത്തിലേറെ കാലമായി മെഡിക്കൽ കോളജിന് വിതരണം ചെയ്‌ത മരുന്നുകളുടെ കുടിശിക ലഭിക്കാത്തതാണ് മരുന്ന് വിതരണം നിർത്തിവെക്കാൻ കാരണം. ആവശ്യമായ മരുന്നുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ലഭിക്കാതായതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി.
നേരത്തെ സ്റ്റോക്ക് ചെയ്‌തിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങളിൽ പലതും കഴിഞ്ഞ ദിവസം തീർന്നിരുന്നു. പല മരുന്നുകൾക്കും ഇപ്പോൾ വലിയ ക്ഷാമം നേരിടുന്നുണ്ട്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കഴിഞ്ഞ രണ്ട് ദിവസത്തോളമായി മരുന്നു വിതരണം നടത്തുന്നതിനാലാണ് വലിയ പ്രതിസന്ധിയില്ലാതെ പ്രവർത്തനം നടന്നു പോകുന്നത്.
എന്നാൽ ഡയാലിസിസ് അടക്കമുള്ള പ്രധാന ചികിത്സകളെ ഈ മരുന്ന് ക്ഷാമം ഏറെ ബാധിക്കും. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ളവ ഇതുവരെ മുടങ്ങിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. ഇന്ന്(14-03-2024) നടത്തേണ്ട ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ളവ മാറ്റി വെച്ചതായി രോഗികളെ അറിയിച്ചിട്ടുണ്ട്.
മാറ്റിവെച്ച ശസ്ത്രക്രിയകൾ ഇനി എന്ന് നടക്കും എന്ന കാര്യത്തിൽ രോഗികൾക്ക് ഇതുവരെ യാതൊരു അറിയിപ്പും നൽകിയിട്ടില്ല. ഏറെ ചിലവ് വരുന്ന, ശസ്ത്രക്രിയകൾക്ക് മുന്നോടിയായി നടത്തേണ്ട ടെസ്റ്റുകൾ സ്വകാര്യ ലാബുകളിൽ നിന്നും മറ്റും രോഗികൾ ചെയ്‌തിട്ടുണ്ട്. ശസ്ത്രക്രിയ നീട്ടിവെക്കുമ്പോള്‍ ഇതേ ടെസ്റ്റുകൾ വീണ്ടും ചെയ്യേണ്ട അവസ്ഥയാണുള്ളത്.
ലഭിക്കാനുള്ള 75 കോടിയോളം രൂപയുടെ കുടിശ്ശിക മാർച്ച് 31നകം നൽകുമെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ മരുന്ന് വിതരണം പുനരാരംഭിക്കുകയുള്ളൂ എന്നാണ് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍റെ നിലപാട്. ഇതിന് വേണ്ടി കോഴിക്കോട് ജില്ലാ കലക്‌ടറെ നേരിട്ട് കാണാനും അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ 70 ഓളം മരുന്ന് വിതരണ കച്ചവടക്കാരാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് ആവശ്യമായ മരുന്നുകളും ജീവൻ രക്ഷാ ഉപകരണങ്ങളും വിതരണം ചെയ്യുന്നത്.