മലപ്പുറം : പോരൂർ ചെറുകോട് ഇരുപത്തിയെട്ടിലെ സൂര്യകാന്തിത്തോട്ടം കാണാൻ സന്ദർശനത്തിരക്ക്. ഭംഗിയേറിയ പൂക്കൾക്കൊപ്പം നിന്ന് ഫോട്ടോയും സെൽഫിയും ഒക്കെ എടുക്കാനായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് എക്കറിലധികം വരുന്ന സ്ഥലത്തെ സൂര്യകാന്തി തോട്ടത്തിലേക്കെത്തുന്നത്.
ചെറുകോട് സ്വദേശിയായ പൊറ്റയിൽ സീമാമുവിൻ്റെ അഞ്ചാമത്തെ സൂര്യകാന്തി തോട്ടമാണ് ഇവിടെയുള്ളത്. സുഹൃത്തുക്കളായ സിപി ഉമ്മർ, ചെറിയാപ്പ ഏലകുളം എന്നിവരും കൃഷിയിൽ സീമാമുവിനൊപ്പമുണ്ട്. കൃഷിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതിനാലാണ് പ്രദർശനത്തിലേക്ക് തിരിഞ്ഞത്.
നേരത്തെ ഗുണ്ടൽപേട്ട്, പൂക്കോട്ടുംപാടം, എളങ്കൂർ, മഞ്ചേരി മുട്ടിപ്പാലം എന്നിവങ്ങളിലും സീമാമു സൂര്യകാന്തി കൃഷി നടത്തിയിരുന്നു. ചെറുകോടിൽ പിന്തുണയുമായി കൃഷി വകുപ്പുമുണ്ട്. ഇന്ന് (18-05-2024) വൈകുന്നേരത്തോടെയാണ് പ്രദർശനം ആരംഭിച്ചത്.
രണ്ട് ഏക്കറിലെ മനോഹരമായ സൂര്യകാന്തിത്തോട്ടം കാണാൻ ആദ്യ ദിനത്തിൽ നിരവധി പേരാണ് ഇവിടെ എത്തിയത്. പ്രദർശനത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനും പദ്ധതിയുണ്ട്.