തിരുവനന്തപുരം: കൊടിയ വേനല്‍ ചൂടില്‍ വെന്തുരുകിയ തലസ്ഥാന നഗരത്തിന്‍റെ മണ്ണും മനസും കുളിര്‍പ്പിച്ച് വേനല്‍മഴ. തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇടിമിന്നലോടുകൂടി ശക്തമായ വേനല്‍മഴയുണ്ടായത്. ഏകദേശം അരമണിക്കൂറിനുള്ളില്‍ മഴ കുറഞ്ഞെങ്കിലും ഇടിമിന്നലിന് ശമനമായില്ല.
ഇന്ന് രാവിലെ മുതല്‍ തലസ്ഥാന ജില്ലയിലെ മിക്കയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വ്യാഴാഴ്‌ച രാത്രിയിലും തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇടവിട്ട് മഴ പെയ്‌തിരുന്നു.
അതേസമയം, ഇന്നും നാളെയും സംസ്ഥാന വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. ഏപ്രില്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വേനല്‍ മഴയ്ക്കു സാധ്യത മുന്നറിയിപ്പ് നല്‍കുമ്പോഴും പാലക്കാട്, തൃശൂര്‍, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.