തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവത്തിന് 'ഇൻതിഫാദ' എന്ന പേര് നൽകിയതിനെതിരെ വിസിക്ക് പരാതി നല്‍കി വിദ്യാര്‍ഥികള്‍. അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായാണ് ഇൻതിഫാദ എന്ന പേര് കലോത്സവത്തിന് നൽകിയത്. എന്നാൽ ഇസ്രയേലിനും നേരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണിത് എന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പരാതി നൽകിയത്.
ഭീകര സംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്‍റെ പേരാക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. വിദ്യാര്‍ഥികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് റിപ്പോർട്ട് നൽകാൻ രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന് വരുന്ന പ്രതിരോധം എന്നാണ് ഇൻതിഫാദ എന്ന വാക്കിന്‍റെ അർഥം എന്നും സർഗാത്മകമായി യൂണിവേഴ്‌സിറ്റി യൂണിയൻ ഉപയോഗിക്കാനുള്ള പേരിലും പ്രമേയത്തിലും സർവകലാശാല ഇടപെടാറില്ലെന്നുമാണ് ഡിഎസ്‌എസ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ട്. മാർച്ച് 7 മുതൽ 11 വരെ പാളയം യൂണിവേഴ്‌സിറ്റി കോളജിലാണ് സർവകലാശാല കലോത്സവം നടക്കുക.