കാസർകോട് : വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ബിസി റോഡ് ജംഗ്ഷനിലാണ് സംഭവം. തൻബീഹുൽ ഇസ്ലാം ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയർ സീനിയർ വിദ്യാർഥികൾ തമ്മിലാണ് നടുറോഡിൽ വച്ച് സംഘർഷമുണ്ടായത്. റോഡിലെ ഗതാഗതം തടസപ്പെടുത്തിക്കൊണ്ടായിരുന്നു സംഘർഷം.
കഴിഞ്ഞ മൂന്ന് ദിവസമായി സീനിയർ ജൂനിയർ വിദ്യാർഥികൾ തമ്മിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതായാണ് വിവരം. ബുധനാഴ്‌ച (ജൂലൈ 24) വൈകിട്ട് ക്ലാസ് വിട്ടതിന് ശേഷം ബിസി റോഡ് ജംഗ്ഷനിൽ വടിയുമായി നിന്ന വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ വിദ്യാനഗർ പൊലീസ് ഇടപെട്ടിട്ടുണ്ട്. വിവരമിഞ്ഞ് പൊലീസ് എത്തിയതോടെ വിദ്യാർഥികൾ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ പ്രിൻസിപ്പാളിന് നോട്ടിസ് നൽകിയിട്ടുണ്ട്. അധ്യാപക-രക്ഷാകർതൃ യോഗം വിളിച്ചു ചേർത്ത് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് പൊലീസ് സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടു.
Also Read: ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം