കോഴിക്കോട് : സാമൂഹ്യ മാധ്യമത്തിൽ വൈറലായിരിക്കുകയാണ് കുഞ്ഞ് ആയിഷക്കുട്ടിയുടെ വലിയ ചോദ്യം. ഗാന്ധിജിയെ കുറിച്ചുള്ള ചോദ്യവും അതിന് ടീച്ചർ നൽകുന്ന മറുപടിയും വളരെ രസകരമാണ്. 'ടീച്ചറേ ഗാന്ധിജി എന്താ കുപ്പായം ഇടാത്തത്.. ചൂടെടുത്തിട്ടാ?' എന്നതായിരുന്നു വാണിമേൽ എംയുപി സ്‌കൂളിലെ എൽകെജി വിദ്യാർഥി ആയിഷയുടെ ചോദ്യം. അതാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.
ആയിഷയുടെ ഈ നിഷ്‌കളങ്കമായ ചോദ്യം ഫാത്തിമ ടീച്ചറെ ചിന്തിപ്പിച്ചു. കുരുന്ന് മനസിന് മനസിലാകുന്ന ഒരു ഉത്തരവും ടീച്ചർ കണ്ടെത്തി. 'നമ്മുടെ ഇന്ത്യയിൽ ഒരു പാട് ആളുകൾക്ക് അന്നേരം കുപ്പായം ഇല്ലായിരുന്നു. അന്നേരം ഗാന്ധിജി പറഞ്ഞു എല്ലാർക്കും കുപ്പായം ഇല്ലെങ്കിൽ ഞാനും കുപ്പായം ഇടുന്നില്ലാന്ന്' ഇതായിരുന്നു ടീച്ചർ ആ ചോദ്യത്തിനുള്ള മറുപടിയായി നൽകിയത്.
കുട്ടിയുടെ ആ ചോദ്യം സ്വാഭാവികമാണ്. കുഞ്ഞുങ്ങളാണല്ലോ എന്ത് കണ്ടാലും സംശയം തോന്നും, അത് ചോദിക്കുകയും ചെയ്യും. നിഷ്‌കളങ്കമായ ആ ചോദ്യത്തിന് മനോഹരമായ ഒരു ഉത്തരമാണ് ഇവിടെ ടീച്ചർ നൽകിയത്.
ആയിഷയുടെ ചോദ്യവും ഫാത്തിമ ടീച്ചർ നൽകിയ ഉത്തരവും റെക്കോർഡ് ചെയ്‌ത് സ്‌കൂൾ ഗ്രൂപ്പിലിട്ടിരുന്നു. അതാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുപതോളം കുട്ടികളുള്ള ക്ലാസിൽ നിന്ന് എല്ലാവരും കളിക്കാൻ പുറത്ത് പോയപ്പോഴാണ് കുഞ്ഞു ആയിഷ വന്ന് ചോദ്യം ചോദിച്ചതെന്ന് ഫാത്തിമ ടീച്ചർ പറഞ്ഞു.
Also Read: അഭിനയത്തിലും സംഗീതത്തിലും തിളങ്ങി റാനിയ; വൈറലായി കുട്ടിത്താരം