കോഴിക്കോട്: ചാത്തമംഗലം എൻഐടിയിലെ സാനിറ്റേഷൻ വിഭാഗം ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുമായി എൻഐടി മാനേജ്മെൻ്റ്. അൻപത്തിയഞ്ച് വയസ്സ് കഴിഞ്ഞ ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള എൻഐടിയുടെ തീരുമാനത്തിനെതിരെ സമരം ചെയ്‌തതിനാണ് നടപടി.
ഇന്ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയ 162 സാനിറ്റേഷൻ വിഭാഗം ജീവനക്കാരികളെ എൻഐടി ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കാതെ മാനേജ്മെൻ്റ് പ്രധാന കവാടത്തിനു മുൻപിൽ തടഞ്ഞു. അപ്രതീക്ഷിതമായി മുഴുവൻ സാനിറ്റേഷൻ ജീവനക്കാരെയും തടഞ്ഞത് എൻഐടി കവാടത്തിനു മുൻപിൽ വലിയ പ്രതിഷേധത്തിനിടയാക്കി.
സെക്യൂരിറ്റി സാനിറ്റേഷൻ വിഭാഗത്തിലേക്ക് പുതിയ കരാർ കമ്പനി എത്തിയതോടെയാണ് എൻഐടിയിൽ പ്രശ്‌നങ്ങൾക്ക് തുടക്കമായത്. നിലവിൽ അറുപത് വയസ്സ് വരെ ജോലി ചെയ്യാമായിരുന്ന സ്ഥാനത്ത് പുതിയ കമ്പനി എത്തിയതോടെ അൻപത്തിയഞ്ച് വയസ്സാക്കി ചുരുക്കി.
പലതവണ മാനേജ്മെൻ്റുമായി ചർച്ചകൾ നടത്തിയെങ്കിലും കരാറെടുത്ത കമ്പനി വിരമിക്കാനുള്ള പ്രായപരിധി തൽസ്ഥിതിയിൽ നിലനിര്‍ത്താന്‍ തയ്യാറായില്ല. അതിനെ തുടർന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സെക്യൂരിറ്റി സാനിറ്റേഷൻ വിഭാഗം ജീവനക്കാർ സമരവുമായി രംഗത്തിറങ്ങിയത്.
തിങ്കളാഴ്‌ച 300 ഓളം പുതിയ ഉദ്യോഗാർത്ഥികൾ എൻഐടിയിൽ ഇൻ്റർവ്യൂവിന് എത്തിയിരുന്നു. ഇത് നിലവിലെ ജീവനക്കാർ തടഞ്ഞു. അതോടെ ഇൻ്റർവ്യൂ നടക്കാതെ കരാർ കമ്പനി പ്രതിനിധികളും ഇൻ്റർവ്യൂവിന് എത്തിയവരും മടങ്ങേണ്ട സാഹചര്യം ഉണ്ടായി. അതാണ് ഇന്ന് രാവിലെ എൻഐടി മാനേജ്മെൻ്റ് പ്രതികാര നടപടി സ്വീകരിക്കാൻ കാരണം.
Also Read: മാമ്പുഴയുടെ ജീവനെടുത്ത് പഞ്ചായത്തുകൾ തമ്മിലുള്ള തര്‍ക്കം; നാട്ടുകാര്‍ ദുരിതത്തില്‍