ഇടുക്കി: ഇടുക്കി ഡീലേഴ്‌സ് സഹകരണ ബാങ്കിനെതിരെ തുടര്‍ സമരവുമായി നിക്ഷേപകര്‍ നാളെ മുതല്‍ (08/07/24) രാപ്പകല്‍ സമരം ആരംഭിയ്ക്കും. ബാങ്കിന്‍റെ നെടുങ്കണ്ടം പ്രധാന ശാഖയ്ക്ക് മുന്‍പിലാണ് സമരം നടത്തുക. കാലാവധി പൂര്‍ത്തിയായതും അല്ലാത്തതുമായ നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ ബാങ്ക് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍, തുടര്‍ സമരം ആരംഭിയ്ക്കുന്നത്.
നെടുങ്കണ്ടത്തെ പ്രധാന ശാഖയ്ക്ക് പുറമെ കട്ടപ്പന, അടിമാലി, കുമളി ശാഖകളിലായി കോടികണക്കിന് രൂപ സാധരണക്കാര്‍ നിക്ഷേപിച്ചിട്ടുണ്ട്. 70 വയസിന് മുകളില്‍ പ്രായമായ വയോധികര്‍ക്ക് പോലും നിലവില്‍ പണം തിരികെ നല്‍കാത്ത സാഹചര്യമാണുള്ളത്. ഇതോടെയാണ് നിക്ഷേപകര്‍ ഒത്തു ചേര്‍ന്ന് തുടര്‍ സമരം നടത്താന്‍ തീരുമാനിച്ചത്. രാപ്പകല്‍ സമരത്തിനൊപ്പം നിരാഹാര സമരവും നടത്തും.
കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കില്‍ വന്‍ അഴിമതി നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. മുന്‍ ഭരണ സമതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് മൂന്ന് കോടി 60 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടാണ് നടത്തിയത്. ഇതില്‍ വിജിലന്‍സ് കേസ് അന്വേഷണം നടക്കുന്നുണ്ട്.
മുന്‍ കുമളി ശാഖാ മാനേജര്‍ ഒന്നേകാല്‍ കോടിയിലധികം രൂപ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ നിലവിലെ ഭരണ സമിതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: 'യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലത്തിലെ പദ്ധതികളോട് സർക്കാരിന് ചിറ്റമ്മനയം': രമേശ് ചെന്നിത്തല