മലപ്പുറം: പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്നും തുടര്‍ച്ചയായി ശബ്‌ദം ഉണ്ടാകുന്നതില്‍ ആശങ്ക വേണ്ടെന്ന് ജിയോളജി വിഭാഗം. സ്ഥലം സന്ദര്‍ശിച്ച ജില്ല ജിയോളജി ദുരന്ത നിവാരണ വിഭാഗമാണ് ആശങ്കപ്പെടാനില്ലെന്ന് പ്രാഥമികമായി വിലയിരുത്തിയത്. ജില്ല ജിയോളജിസ്റ്റ് റീന നാരായണന്‍, ദുരന്ത നിവാരണ വിഭാഗം ഹസാഡ് അനാലിസ്റ്റ് ടിഎസ് ആതിഥ്യ അസിസ്റ്റന്‍റ് ജിയോളജിസ്റ്റ് ഹജീഷ് തുടങ്ങിയവരാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
രണ്ട് ദിവസങ്ങളിലായി ഭൂമിക്കടിയില്‍ നിന്ന് മുഴക്കമുണ്ടായ പ്രദേശത്തെ വിള്ളല്‍ കണ്ടെത്തിയ വീടുകള്‍, കുഴല്‍ കിണര്‍, കിണര്‍ എന്നിവ സംഘം പരിശോധിച്ചു. ഭൂജല വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം പ്രദേശത്ത് നിരവധി തവണ ഭൂമിക്കടിയില്‍ നിന്ന് തുടര്‍ച്ചായായി ശബ്‌ദം ഉണ്ടായെങ്കിലും അധികൃതര്‍ കൂടുതല്‍ ഗൗരവമായി കാണുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താത്തതിലും നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
പ്രദേശത്ത് ജീവിക്കാന്‍ ആശങ്കയുണ്ടെന്നും സംഭവത്തിന്‍റെ കാരണവും തുടര്‍ നടപടികളും ജനങ്ങളെ അറിയിക്കണമെന്നും നാട്ടുകാര്‍ ജിയോളജി സംഘത്തോട് ആവശ്യപ്പെട്ടു. സംഭവം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ യോഗം ചേരുമെന്ന് സംഘം അറിയിച്ചു. നിലമ്പൂര്‍ തഹസില്‍ദാര്‍, ജിയോളജി ദുരന്ത നിവാരണ വിഭാഗം പോത്തുകല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍ എന്നീ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പരിശോധന റിപ്പോര്‍ട്ട് കലക്‌ടര്‍ക്ക് നല്‍കും. ആളുകളെ മാറ്റി പാര്‍പ്പിക്കണമോയെന്ന കാര്യം ഇന്ന് തന്നെ വില്ലേജ് ഓഫിസറെ അറിയിക്കുമെന്നും ജില്ലാ ജിയോളജിസ്റ്റ് റീന നാരായണന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചൊവ്വാഴ്‌ച (ഒക്‌ടോബർ 29) രാത്രി 9.30ഓടെയാണ് വന്‍ ശബ്‌ദത്തോടെ ഭൂമിക്കടിയില്‍ നിന്നും ആദ്യം മുഴക്കമുണ്ടായത്. ഇതിനുശേഷം 10.45ഓടെ വീണ്ടും സമാനമായ ശബ്‌ദവും വീടുകള്‍ പ്രകമ്പനം കൊള്ളുന്ന അവസ്ഥയുമുണ്ടായി. പുലര്‍ച്ചെയും മുഴക്കം തുടര്‍ന്നു. രണ്ട് ദിവസങ്ങളിലായി പത്തിലേറെ തവണ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്‌ദമുണ്ടായി. രണ്ട് കിലോമീറ്റര്‍ വരെ പ്രകമ്പനവും ഇടിമുഴക്ക ശബ്‌ദവും ഉണ്ടായി. ചില വീടുകള്‍ക്കുള്ളില്‍ നേരിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കുഴല്‍ കിണറുകളിലെ വെള്ളം കലങ്ങിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായിരിക്കുകയാണ്.
ഇന്നലെ രാത്രി തന്നെ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും പോത്തുകല്‍ പൊലീസും വില്ലേജ് ഓഫിസര്‍ അടക്കമുള്ള അധികൃതരും സ്ഥലത്തെത്തി ജനങ്ങളെ ഞെട്ടിക്കുളം എയുപി സ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചിരുന്നു. ഇവര്‍ രാവിലെ ആനകല്ലിലെ വീടുകളിലേക്ക് തിരിച്ചെത്തി. എന്നാല്‍ ചില കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും മറ്റും താത്കാലികമായി താമസം മാറ്റിയിരിക്കുകയാണ്. കുഴല്‍ കിണറുകള്‍ കൂടുതലായി നിര്‍മിച്ച പ്രദേശമാണ് ആനക്കല്ല്. ഇതിന്‍റെ തുടര്‍ പ്രതിഭാസമാണ് ഭൂമിക്കടിയില്‍ നിന്നുള്ള ശബ്‌ദമെന്നാണ് ജിയോളജി അധികൃതരുടെ നിഗമനം.
മുമ്പ് മൂന്ന് തവണ ഈ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്നും വന്‍ ശബ്‌ദമുണ്ടായിട്ടുണ്ട്. പത്ത് ദിവസം മുമ്പ് ഭൂമിക്കടിയില്‍ നിന്ന് ശബ്‌ദമുണ്ടായത് സംബന്ധിച്ച് ജിയോളജി വിഭാഗം പരിശോധന നടത്തിയിരുന്നെങ്കിലും റിപ്പോര്‍ട്ട് നല്‍കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്‌തിരുന്നില്ല. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കാര്യക്ഷമമായ പരിശോധനകളും തുടര്‍ നടപടികളും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റെ ഇസ്‌മായില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പുഷ്‌പവല്ലി പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്‍റ് വിദ്യാരാജന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. നിരവധി ജനങ്ങളും സംഭവ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.