കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിന് മുകളിൽ സ്ഥാപിച്ച സോളാർ സംവിധാനം മോഷണം നടത്തിയ പ്രതി പൊലീസിന്‍റെ പിടിയിലായി. കോഴിക്കോട് നെല്ലിക്കോട് പറയരുകണ്ടി പി കെ അനീഷ് (39) ആണ് കുന്ദമംഗലം പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ഇരുപത്തിയാറാം തീയതിയാണ് കേസിനാസ്‌പദമായ മോഷണം നടന്നത്. ഏറെക്കാലമായി പ്രവർത്തനരഹിതമായിരുന്ന സോളാർ സംവിധാനം നന്നാക്കുന്നതിനു വേണ്ടി ടെക്‌നീഷ്യന്മാർ കെട്ടിടത്തിനു മുകളിൽ കയറിയപ്പോഴാണ്
സോളാർ സംവിധാനം കാണാതായ വിവരം പഞ്ചായത്ത് അധികൃതർ അറിയുന്നത്.
തുടർന്ന് കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പൊലീസ് സ്ഥലത്തെത്തി ഈ ഭാഗത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഇരുപത്തിയാറാം തീയതി സന്ധ്യയ്ക്ക് സോളാർ സംവിധാനം മോഷണം നടത്തി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് പ്രതിക്കുവേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. ഈ സോളാർ സംവിധാനം തന്‍റേതാണെന്ന് പറഞ്ഞ് പ്രതി മറ്റൊരാൾക്ക് വിൽപ്പന നടത്തിയിരുന്നു. അവരാണ് സോളാർപാനലുകൾ അഴിച്ചെടുത്ത് കൊണ്ടുപോയത്.
ഇവരെ ചോദ്യം ചെയ്‌തതോടെയാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് പി കെ അനീഷ്. കുന്ദമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ് ശ്രീകുമാർ, എസ്ഐ കെ എ അബ്‌ദുൽ കലാം, സിവിൽ പൊലീസ് ഓഫീസർമാരായ വിശോഭ് ലാൽ, പ്രമോദ്, വിപിൻ, എന്നിവർ നേതൃത്വം നൽകി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.