തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുന്‍കാല കാലനടി ശ്രീലത നമ്പൂതിരി. കതകിൽ തട്ടിയതു പോലുള്ള അനുഭവം തനിക്കുണ്ടായിട്ടില്ലെന്ന് നടി പറഞ്ഞു. സിനിമക്കാരെ കുറിച്ച് എന്ത് പറഞ്ഞാലും ആളുകൾക്ക് ഒരു രസമാണ്. എല്ലാ മേഖലയിലും സ്ത്രീകൾ ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. പവർ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും അത് പുതിയ കാര്യമാണെന്നും ശ്രീലത നമ്പൂതിരി തിരുവനന്തപുരത്ത് പറഞ്ഞു.
തുല്യ വേതനം നടക്കില്ല. സ്ത്രീകൾ ഇല്ലാതെ മലയാള സിനിമ പോകും. സ്ത്രീ കഥാപാത്രങ്ങളില്ലാതെ സിനിമ ഓടുന്നുണ്ട്. ആരോപണം ഉന്നയിക്കുന്നവർ തെളിവുമായി വരണമെന്ന് അവർ പറഞ്ഞു. കമ്മിഷൻ വരാൻ കാത്തിരുന്നത് എന്തിനാണെന്നും നടി ചോദിച്ചു. തെളിവ് ഉണ്ടെങ്കിൽ കോടതിയിലും സർക്കാരിലുമെത്തിയാൽ നടപടിയുണ്ടാകും.
ഇങ്ങനെയുള്ള അനുഭവമുണ്ടായാൽ പിന്നെ എന്തിനാണ് സിനിമ മേഖലയിൽ കടിച്ചു തൂങ്ങി തുടരുന്നതെന്ന് ചോദിച്ച ശ്രീലേഖ ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ധൈര്യമില്ലെന്നും പറഞ്ഞു. 'എട്ട് വർഷത്തോളം മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ ആരോപണം ഉന്നയിക്കപ്പെടുന്നു. കോടതിയിൽ പോയാൽ തെളിവാണ് ആദ്യം ചോദിക്കുക. ദിവസേന ഇരുപതോളം പേർ പീഡനമെന്ന ആരോപണം ഉന്നയിക്കുന്നു.
ആരോപണം നേരിട്ട രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടണം. ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്തേനെ. എൻ്റെയടുത്തുള്ള പെരുമാറ്റം മാത്രമേ എനിക്കറിയൂ. അദ്ദേഹത്തിൻ്റെ സ്വന്തം തീരുമാനമാണത്.
സിനിമ പലരുടെയും സ്വപ്‌നമാണ്. സിനിമ മേഖലയെ ആക്ഷേപിക്കാൻ തയ്യാറല്ല. അത്ര മോശം അനുഭവം തനിക്കുണ്ടായിട്ടില്ല. അങ്ങനെ ദുരനുഭവമുണ്ടായവർ അപ്പോൾ തന്നെ പരാതിയുമായി മുന്നോട്ടു വരണമെ'ന്നും ശ്രീലത നമ്പൂതിരി പറഞ്ഞു.
Also Read: ബംഗാളി നടിയുടെ വെളിപ്പെടുത്തല്‍, സംവിധായകന്‍ രഞ്ജിത്തിന്‍റെ രാജിക്കായി മുറവിളി